കേപ്ടൗണ്‍: നട്ടെല്ലിനേറ്റ പരിക്കിനെ തുടർന്ന് ഇംഗ്ലണ്ട് പേസർ ജയിംസ് ആൻഡേഴ്സണെ ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്നും ഒഴിവാക്കി. കേപ്ടൗണിലെ രണ്ടാം ടെസ്റ്റിന്റെ അവസാന ദിനമാണ് ആൻഡേഴ്സണ് പരിക്കേറ്റത്. മത്സരത്തിൽ ഏഴ് വിക്കറ്റ് നേടിയ പേസറുടെ മികവിൽ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയിരുന്നു.
പരിക്കിനെ തുടർന്ന് അഞ്ചാംദിനം ഉച്ചയ്ക്ക് ശേഷം ആൻഡേഴ്സണ് ബൗൾ ചെയ്തില്ല. സ്കാനിംഗിന് വിധേയനാക്കിയതിന് പിന്നാലെ താരത്തിന് രണ്ടു മാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ആൻഡേഴ്സണ് പകരം ക്രയിഗ് ഓവർടണ് ടീമിൽ സ്ഥാനം നേടി.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും അധികം വിക്കറ്റുകൾ നേടിയിട്ടുള്ള ഫാസ്റ്റ് ബൗളറാണ് ആൻഡേഴ്സണ്. 600 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന നാലാമത്തെ താരമാകാൻ വലംകൈയൻ പേസർക്ക് ഇനി വേണ്ടത് 16 വിക്കറ്റുകൾ മാത്രം.
നാല് ടെസ്റ്റുള്ള പരമ്പരയിൽ രണ്ടു മത്സരങ്ങളാണ് ശേഷിക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളിൽ ഓരോ വിജയം നേടി ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തുല്യത പാലിക്കുകയാണ്.