കൊച്ചി: മരടിലെ കെട്ടിടങ്ങള്‍ നിലംപതിക്കുമ്ബോഴുണ്ടാകുന്ന പൊടിയെ പേടിച്ച്‌ സമീപത്തെ വീടുകള്‍ പൂര്‍ണമായി മൂടി. ആല്‍ഫ ഫ്‌ളാറ്റിനു സമീപമുള്ള മൂന്ന് വീടുകളാണ് ബുധനാഴ്ച മൂടിയത്. കാരോട്ട് ഹരിശ്ചന്ദ്രന്‍, കാരോട്ട് അനൂപ്, ആന്റണി നടുവിലേവീട്ടില്‍ എന്നിവരുടെ വീടുകളാണ് മൂടിയിരിക്കുന്നത്. വീട് പൂര്‍ണമായും ടര്‍പോളിന്‍ ഷീറ്റ് ഉപയോഗിച്ച്‌ മൂടിയതിനു പുറമെ ജനാലകളും കതകുകളും പ്രത്യേകം മൂടിയിട്ടുണ്ട്. കാരോട്ട് ഹരിയുടെ വീട്ടിലെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്. ബുധനാഴ്ച വീട്ടുടമകളും അവരുടെ സുഹൃത്തുക്കളും ചേര്‍ന്നാണ് വീടുകള്‍ മൂടിയത്. ആല്‍ഫ ഫ്‌ളാറ്റിന് എതിര്‍വശത്തുള്ള ഫ്ലാറ്റും ഭാഗികമായി മൂടിയിട്ടുണ്ട്.

ഫ്‌ളാറ്റ് പൊളിക്കുന്നതിനു മുന്‍പുതന്നെ വീടുകള്‍ മൂടുന്നതിനുള്ള ക്രമീകരണം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നതാണെന്ന് ആന്റണി പറഞ്ഞു. എന്നാല്‍ ഇനി രണ്ട് ദിവസം മാത്രമേ ബാക്കിയുള്ളു. സബ് കളക്ടര്‍ അടക്കമുള്ളവര്‍ ഫ്ലാറ്റില്‍ വന്നുപോകുന്നുണ്ട്, പക്ഷേ ഇതുവരെയും ആരും വീടുകളിലേക്ക് എത്തിയിട്ടില്ലെന്നും ആന്റണി പറഞ്ഞു.

ഗോള്‍ഡന്‍ കായലോരത്ത് അടിയന്തര യോഗം

മരട്: ഫ്ലാറ്റ് പൊളിക്കുമ്ബോള്‍ സമീപവാസികളുടെ സുരക്ഷ കണക്കിലെടുത്ത് കണ്ണാടിക്കാട് ‘ഗോള്‍ഡന്‍ കായലോരം’ ഫ്ലാറ്റിനു സമീപത്തുള്ളവരുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു.

ഫ്ലാറ്റിനു സമീപത്ത് ഇരുനൂറ് മീറ്റര്‍ ചുറ്റളവില്‍പ്പെട്ട മുപ്പത് കുടുംബങ്ങളെയാണ് ഒഴിപ്പിക്കുന്നത്. മൂന്ന് കിടപ്പുരോഗികളുണ്ട്. ഇതില്‍ രണ്ടുപേരെ വീട്ടുകാര്‍തന്നെ മാറ്റാമെന്ന് അറിയിച്ചു. ഒരാളെ മരട് നഗരസഭയുടെ നേതൃത്വത്തില്‍ മരട് പി.എസ്. മിഷന്‍ ആസ്പത്രിയിലേക്ക് മാറ്റാനും തീരുമാനിച്ചു.

കൗണ്‍സിലര്‍ ടി.കെ. ദേവരാജന്‍ അധ്യക്ഷത വഹിച്ചു. എം. സ്വരാജ് എം.എല്‍.എ., നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.എച്ച്‌. നദീറ, വൈസ് ചെയര്‍മാന്‍ ബോബന്‍ നെടുമ്ബറമ്ബില്‍, കെ.പി. രാജന്‍, ദീപേഷ് എന്നിവര്‍ സംസാരിച്ചു.