ടെഹ്‌റാന്‍: അമേരിക്കയുടെ ചുറ്റുവട്ടത്തു നിന്ന് പിന്‍വാങ്ങില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. അമേരിക്ക കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതിന് തക്കമറുപടി ലഭിക്കുമെന്ന് ഓര്‍ക്കണമെന്നും അവര്‍ വിവേകത്തോടെ ചിന്തിക്കുന്നവരാണങ്കില്‍ ,ഈ ഘട്ടത്തില്‍ അവരുടെ ഭാഗത്തുനിന്നു തുടര്‍ നടപടികളുണ്ടാവില്ലെന്നും റൂഹാനി പറഞ്ഞു. ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി ഇറാഖിലെ യുഎസ് സൈനിക താവളങ്ങളില്‍ മിസൈലാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് റൂഹാനിയുടെ പ്രതികരണം.

മേഖലയിലെ മറ്റ് രാജ്യങ്ങളില്‍ നിന്നും അമേരിക്ക തിരിച്ചടി നേരിടുമെന്നാണ് ഞാന്‍ കരുതുന്നത്. അവര്‍ ഞങ്ങളുടെ പ്രിയപ്പെട്ട സുലൈമാനിയുടെ കരങ്ങള്‍ ഛേദിച്ചു. അതിനു പ്രതികാരമായി പശ്ചിമേഷ്യയിലെ അമേരിക്കയുടെ കാലു തന്നെ ഞങ്ങള്‍ ഛേദിക്കും.’ റൂഹാനി മുന്നറിയിപ്പിന്റെ സ്വരത്തില്‍ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ ഇറാന്‍ കാമാന്‍ഡര്‍ ഖാസിം സുലൈമാനിയും ഡെപ്യൂട്ടി കമാന്‍ഡര്‍ അബു മഹ്ദി അല്‍ മുഹന്ദിസും അടക്കം കൊല്ലപ്പെട്ടത്. അതിനു പിന്നാലെ, അമേരിക്കയുടെ ആക്രമണത്തിന് ശക്തമായ തിരിച്ചടി ഉണ്ടാവുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇന്നലെ ഇറാഖിലെ രണ്ട് യുഎസ് സൈനിക താവളങ്ങളിലേക്ക് ഇറാന്‍ മിസൈലാക്രണം നടത്തിയിരുന്നു. ഐന്‍ അല്‍ അസദ്, ഇര്‍ബില്‍ എന്നിവിടങ്ങളിലാണ് പ്രാദേശിക സമയം രാവിലെ അഞ്ചരയോടെ മിസൈല്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ 80 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അവകാശപ്പെട്ടു. എന്നാല്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇത് തള്ളിക്കളഞ്ഞിരുന്നു.

പിന്നീട് ഇന്നലെ അര്‍ധരാത്രി വീണ്ടും ഇറാന്‍ തിരിച്ചടിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ബാഗ്ദാദിലെ അമേരിക്കന്‍ നയതന്ത്രകാര്യാലയം സ്ഥിതിചെയ്യുന്ന ഗ്രീന്‍സോണില്‍ രണ്ട് റോക്കറ്റുകള്‍ പതിച്ചതായാണ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തത്.