തിരുവനന്തപുരം: സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജയിലുകളിലും ക്യാമറകള്‍ സ്ഥാപിക്കുന്നു. മൂന്ന് സെന്‍ട്രല്‍ ജയിലുകളിലും മൂന്ന് ജില്ലാ ജയിലുകളിലും കൂടി ക്യാമറകള്‍ സ്ഥാപിച്ചാല്‍ ജയിലുകളെല്ലാം സുരക്ഷാ ക്യാമറയുടെ നിരീക്ഷണത്തിലാകും.

തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലും തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലാ ജയിലുകളിലുമാണ് ക്യാമറകള്‍ സ്ഥാപിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നത്. 11.45 കോടിരൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. കെല്‍ട്രോണിനാണ് ചുമതല. സംസ്ഥാനത്തെ 48 ജയിലുകളില്‍ ഇപ്പോള്‍ ക്യാമറ നിരീക്ഷണ സംവിധാനമുണ്ട്. ഇതിനെല്ലാം മുന്‍പേ സുരക്ഷാ ക്യാമറ സ്ഥാപിച്ചത് തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലും തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലാ ജയിലുകളിലുമാണ്.

എന്നാല്‍ കാലപ്പഴക്കത്താല്‍ ക്യാമറകള്‍ കേടായി. അറ്റകുറ്റപ്പണികള്‍ക്ക് സാധിക്കാതെ വന്നതോടെ ഏറെക്കാലം ക്യാമറകള്‍ മാറ്റിയില്ല. ഇതിനിടെ മറ്റ് 48 ജയിലുകളില്‍ ക്യാമറകള്‍ സ്ഥാപിക്കുകയും പദ്ധതി വിജയകരമാണെന്ന് കണ്ടെത്തുകയും ചെയ്തതോടെയാണ് 6 ജയിലുകളിലെ കേടായ ക്യാമറകള്‍ മാറ്റാന്‍ തീരുമാനിച്ചത്. രാത്രിയിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഏറ്റവും ആധുനിക സംവിധാനങ്ങളുള്ള ക്യാമറകളാണ് സ്ഥാപിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.