കൊല്‍ക്കത്ത: പൊതുപണിമുടക്കിന്റെ മറവില്‍ അക്രമം അഴിച്ചുവിടുന്ന സിപിഎം നിലപാടിനെതിരെ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പണിമുടക്കിന്റെ മറവില്‍ അക്രമം നടത്തരുതെന്ന് അപേക്ഷിക്കുകയാണ്. പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സിപിഎം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കരുതെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി. ദുര്‍ഗാപൂരില്‍ ബൈക്ക് യാത്രക്കാര്‍ക്ക് നേരെ ആക്രമണമുണ്ടായി. ബസുകള്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരെ ഇറക്കിവിട്ടു. ബംഗാളില്‍ ഹൗറ, നോര്‍ത്ത് 24 പര്‍ഗാന എന്നിവിടങ്ങളില്‍ സമരാനുകൂലികള്‍ ട്രെയിനുകള്‍ തടഞ്ഞു. ഇത് സിപിഎമ്മിന്റെ ‘ദാദാഗിരി’യാണെന്നും അവര്‍ ആരോപിച്ചു.

പണിമുടക്കിനെതിരെ മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും മുന്‍പ് തന്നെ രംഗത്ത് വന്നിരുന്നു. രാജ്യത്തിന്റെ സാമ്ബത്തികാവസ്ഥ ഇത്രയും ഗുരുതരമായ സാഹചര്യത്തില്‍ പണിമുടക്കിനോട് യോജിക്കാനാകില്ലെന്നും അതേ സമയം, സമരക്കാര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളെ പിന്തുണക്കുന്നുവെന്നും മമത വ്യക്തമാക്കിയിരുന്നു. ബംഗാളില്‍ നിര്‍ബന്ധ പൂര്‍വം പണിമുടക്ക് അനുവദിക്കില്ല. പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അവര്‍ പറയുകയുണ്ടായി.