ന്യൂഡല്‍ഹി: ഇറാന്‍-അമേരിക്ക സംഘര്‍ഷം ശക്തമായതോടെ ലോക രാഷ്ട്രങ്ങള്‍ ആശങ്കയിലാണ്. ലക്ഷക്കണക്കിന്‌ ഇന്ത്യാക്കാര്‍ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്നതിനാല്‍ ഇന്ത്യയും ഗള്‍ഫ് മേഖലയിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണ്‌.

ഗള്‍ഫ് മേഖലയിലെ സാഹചര്യങ്ങള്‍ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും, നിലവിലെ സാഹചര്യത്തില്‍ ഇറാഖിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.

കൂടാതെ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായും കാര്യങ്ങള്‍ സംസാരിച്ചതായും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. ജോര്‍ദാന്‍, ഒമാന്‍, ഖത്തര്‍, ഫ്രാന്‍സ്, യുഎഇ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും കേന്ദ്രമന്ത്രി എസ്. ജയശങ്കര്‍ സംഭാഷണം നടത്തിയെന്നും വി. മുരളീധരന്‍ അറിയിച്ചു.

ഇറാന്‍- അമേരിക്ക സംഘര്‍ഷം രൂക്ഷമായതോടെയാണ് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്. ഇറാഖിലെ നിലവിലെ സ്ഥിതി കണക്കിലെടുത്ത് ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാഖിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇറാഖില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ബാഗ്ദാദിലെ ഇന്ത്യന്‍ എംബസി വഴി ഇറാഖിലെ ഇന്ത്യക്കാര്‍ക്ക് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്ന് രവീഷ് കുമാര്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെ ഇറാഖിലെ അമേരിക്കന്‍ വ്യോമത്താവളങ്ങളിലേക്ക് ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഇത് ഇറാന്‍-അമേരിക്ക സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്.

മിക്ക രാജ്യങ്ങളും ഇറാഖ്, ഇറാന്‍, ഗര്‍ഫ് രാജ്യങ്ങളിലെ വ്യോമപാത ഉപയോഗിക്കുന്നത് ഒഴിവാക്കിയിരിയ്ക്കുകയാണ്.