ചിക്കാഗോ: ഭൗതിക സുഖങ്ങള്‍ക്കു പിന്നാലെ ഓടുന്ന മനുഷ്യന് ആത്മീയതയുടെ ദിവ്യാനുഭൂതി പകര്‍ന്നു നല്‍കിക്കൊണ്ട് 60 നാള്‍ നീണ്ടു നിന്ന മണ്ഡല  മകരവിളക്ക് പൂജകള്‍ക്ക് പരിസമാപ്തി കുറിച്ച് കൊണ്ട് മകരവിളക്ക് മഹോത്സവം. മകരവിളക്ക് പൂജകളില്‍ പങ്കെടുത്ത്, അയ്യപ്പ സ്വാമിയുടെ അനുഗ്രഹം നേടുക എന്നത് ഓരോ അയ്യപ്പഭക്തന്റെയും  ജന്മസാഫല്യമാണ്. ഈ വര്‍ഷത്തെ മകരവിളക്ക് പൂജ ജനുവരി 11 ശനിയാഴ്ച്ച വൈകിട്ട് 5 മണി മുതല്‍ ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ നടക്കും.

ഈ വര്‍ഷത്തെ മകരവിളക്ക് പൂജകള്‍ആരംഭിക്കുക ശ്രീമഹാഗണപതിക്ക് വിശേഷാല്‍ പൂജ നടത്തിയായിരിക്കും, തുടര്‍ന്ന് എല്ലാവരും കാത്തിരിക്കുന്ന തിരുവാഭരണ ഘോഷയാത്രയും ഉണ്ടായിരിക്കും, ശേഷം അയ്യപ്പസ്വാമിക്ക് ശാസ്ത്രസൂക്തം ഉരുക്കഴിച്ച് ബിംബശുദ്ധി വരുത്തി, പുരുഷസൂക്തത്തിനാലും ശ്രീരുദ്രത്തിനാലും, കലശപൂജ ചെയ്ത ശേഷം മഹാമണ്ഡല വിശേഷാല്‍ പൂജകള്‍ ആരംഭിക്കും.

തദവസരത്തില്‍ കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ട്രുസ്ടീ ബോര്‍ഡ് ചെയര്മാന് ശ്രീ രാജേഷ് കുട്ടി, (ഡെട്രോയ്റ്റ്) നാഷണല്‍ പ്രസിഡന്റ് ഡോക്ടര്‍ സതീഷ് അമ്പാടി, (അരിസോണ) മുന്‍ പ്രസിഡന്റ് ശ്രീ. സുരേന്ദ്രന്‍ നായര്‍ തിട്ടമംഗലം, (ഡിട്രോയിറ്റ്)    മുന്‍  ട്രുസ്ടീ ബോര്‍ഡ് മെമ്പര്‍ ശ്രീ. രാധാ കൃഷ്ണന്‍ (ഡിട്രോയിറ്റ്)  എന്നിവര്‍ സംബന്ധിക്കുന്നുന്നതാണ്.

ശനിദോഷഹരനായ അയ്യപ്പ സ്വാമിയുടെ അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങുവാന്‍ എല്ലാഭക്തജനങ്ങളെയും ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയുന്നു..