കൊച്ചി: മുത്തൂറ്റ് എംഡി ജോര്‍ജ് അലക്സാണ്ടറിന് നേരെ കല്ലേറ്. ജീവനക്കാര്‍ക്കൊപ്പം ഓഫീസിലേക്ക് പോകും വഴിയാണ് ആക്രമണം ഉണ്ടായത്. ഡിഐജി ഓഫീസിന് സമീപത്ത് വെച്ചായിരുന്നു സംഭവം. തലയ്ക്ക് പരുക്കേറ്റ ജോര്‍ജ് അലക്സാണ്ടറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ സിഐടിയു ഗുണ്ടകളാണെന്ന് മുത്തൂറ്റ് മാനേജ്മെന്റ് ആരോപിച്ചു.

കാറിന്റെ മുന്‍ സീറ്റില്‍ ഇരിക്കുകയായിരുന്നു ജോര്‍ജ് അലക്സാണ്ടര്‍. കോണ്‍ക്രീറ്റ് കട്ട ഉപയോഗിച്ചാണ് ആക്രമണം നടന്നത്. മുത്തൂറ്റ് ശാഖകള്‍ അടച്ച്‌ പൂട്ടിയതിനും ജീവനക്കാരെ പിരിച്ചു വിട്ടതിനും എതിരെ കൊച്ചിയിലെ മുത്തൂറ്റ് ആസ്ഥാനത്ത് സിഐടിയുവിന്റെ നേതൃത്വത്തില്‍ സമരം നടക്കുകയാണ്.

കഴിഞ്ഞ ദിവസം ജോലിക്കെത്തിയ ജീവനക്കാരെ സമരക്കാര്‍ തടഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ഡിഐജി ഓഫീസിന് മുമ്ബില്‍ എല്ലാ ജീവനക്കാരും ഒത്തുകൂടിയ ശേഷം അവിടെ നിന്ന് ഒരുമിച്ച്‌ പ്രത്യക വാഹനത്തിലാണ് ഓഫീസിലേക്ക് എത്താറുള്ളത്. ഇത്തരത്തില്‍ ജീവനക്കാര്‍ക്കൊപ്പം ഓഫീസിലേക്ക് പോകാന്‍ എത്തിയപ്പോഴാണ് എംഡിക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

തുടര്‍ച്ചയായി സിഐടിയുവിന്റെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടായെന്ന് ജോര്‍ജ് അലക്സാണ്ടറുടെ മകന്‍ ഈപ്പന്‍ അലക്സാണ്ടര്‍ ആരോപിച്ചു. സംഭവം നടക്കുമ്ബോള്‍ വാഹനത്തിന്റെ പിന്‍സീറ്റില്‍ ഈപ്പന്‍ അലക്സാണ്ടര്‍ ഉണ്ടായിരുന്നു. പിന്‍വശത്തെ ഗ്ലാസ് തകര്‍ന്നെങ്കിലും ഈപ്പന്‍ അലക്സാണ്ടറിന് പരുക്കേറ്റില്ല. ഇരുപതോളം പേര്‍ കല്ലെറിഞ്ഞുവെന്നാണ് മാനേജ്മെന്റ് ആരോപിക്കുന്നത്.

അതേ സമയം മുത്തൂറ്റ് സമരങ്ങളുമായി ബന്ധപ്പെട്ട് പ്രകോപനപരമായ തീരുമാനം എടുക്കുന്നത് മാനേജ്മെന്റാണെന്ന് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ ആരോപിച്ചു. എടുക്കുന്ന തീരുമാനങ്ങള്‍ മാനേജ്മെന്റ് നടപ്പിലാക്കുന്നില്ല. സമരം സമാധാനപരമായി പരിഹരിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും മാനേജ്മെന്റ് തൊഴിലാളികളോട് സൗഹാര്‍ദ്ദപരമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.