കീവിലേക്ക് പോയ ഉക്രെയിന്‍ യാത്രാവിമാനം ഇറാന്‍ അബദ്ധത്തില്‍ വെടിവെച്ചിട്ടതാണെന്ന് സംശയം ഉയര്‍ത്തി വീഡിയോ ദൃശ്യങ്ങള്‍. ആകാശത്ത് വെച്ച്‌ തന്നെ വിമാനത്തിന് തീപിടിക്കുന്നതും, പിന്നാലെ തെഹ്‌റാന് പുറത്തുളള കൃഷിയിടത്തില്‍ തകര്‍ന്നുവീഴുന്ന ദൃശ്യങ്ങളുമാണ് പുറത്തുവന്നിരിക്കുന്നത്. വിമാനത്തിലെ 170 യാത്രക്കാരും സംഭവത്തില്‍ കൊല്ലപ്പെട്ടെന്നാണ് കരുതുന്നത്.

തെഹ്‌റാനില്‍ നിന്നും പറന്നുയര്‍ന്ന് മൂന്നാം മിനിറ്റിലാണ് ഉക്രെയിന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനമായ പിഎസ്752 തീപിടിച്ച്‌ തകര്‍ന്നത്. സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് ഇമാം ഖൊമേയ്‌നി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വക്താവ് അവകാശപ്പെട്ടത്. എന്നാല്‍ മൂന്ന് വര്‍ഷം മാത്രം പഴക്കമുള്ള ബോയിംഗ് 737-800 വിമാനം 2.4 കിലോമീറ്റര്‍ ഉയരത്തില്‍എത്തിയ ശേഷം പൊടുന്നനെ അപ്രത്യക്ഷമായെന്നാണ് ഫ്‌ളൈറ്റ് ഡാറ്റ വിവരങ്ങള്‍ കാണിക്കുന്നത്.

ഇറാന്‍ നഗരത്തിന്റെ സൗത്ത്‌വെസ്റ്റ് പ്രദേശത്ത് 60 കിലോമീറ്റര്‍ അകലെയാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിലെ എല്ലാ യാത്രക്കാരും സംഭവത്തില്‍ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ബിബിസി ഇറാന്‍ പ്രതിനിധി അലി ഹാഷെമാണ് സ്ഥിരീകരിക്കാത്ത വീഡിയോ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തത്. ആകാശത്ത് വെച്ച്‌ കത്തുന്ന വിമാനം വലിയ സ്‌ഫോടനത്തോടെ തകര്‍ന്നടിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

സംഭവത്തില്‍ നാഷണല്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണ സംഘം സ്ഥലത്തെത്തിയതായി ഇറാന്‍ സിവില്‍ ഏവിയേഷന്‍ വക്താവ് റെസാ ജാഫര്‍സാദെ പറഞ്ഞു. അപകടസ്ഥലത്ത് നിന്നും പുറത്തുവരുന്ന ചിത്രങ്ങളും ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് തെളിയിക്കുന്നതാണ്. ഇറാന്‍ ജനറല്‍ കാസെം സൊലേമാനിയുടെ വധത്തിന് പകരം വീട്ടാന്‍ ഇറാഖിലെ യുഎസ് കേന്ദ്രങ്ങളിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തതിന് പിന്നാലെയാണ് അപകടം. ആകാശത്ത് വെച്ച്‌ തന്നെ വിമാനം കത്തിയമര്‍ന്നത് അബദ്ധത്തില്‍ വെടിവെച്ചിട്ടതാണെന്ന സംശയമാണ് ഉയര്‍ത്തുന്നത്.