നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ നാല് പ്രതികളെ തൂക്കിക്കൊല്ലാന്‍ താന്‍ തയ്യാറെടുത്ത് കഴിഞ്ഞതായി മീറത്ത് ജയിലിലെ ആരാച്ചാരായ പവന്‍ ജല്ലാദ്. ദേശീയ തലത്തില്‍ പ്രക്ഷോഭം ആഞ്ഞടിച്ച 2012 നിര്‍ഭയ കൂട്ടബലാത്സംഗ, കൊലപാതക കേസിലെ നാല് കുറ്റവാളികള്‍ക്കുള്ള മരണവാറണ്ട് ഡല്‍ഹി കോടതി പുറപ്പെടുവിച്ചതോടെയാണ് ആരാച്ചാരുടെ വാക്കുകള്‍. ജനുവരി 22ന് രാവിലെ 7 മണിക്ക് തിഹാര്‍ ജയിലില്‍ ആ നാല് പേരുടെ വധശിക്ഷ നടപ്പാക്കും.

പവന്‍ ജല്ലാദിന്റെ സേവനം ആവശ്യപ്പെട്ട് യുപി ജയില്‍ അധികൃതര്‍ക്ക് തിഹാര്‍ ജയില്‍ അധികാരികള്‍ കത്തയയ്ക്കുമെന്നാണ് കരുതുന്നത്. കോടതി നാല് കുറ്റവാളികളുടെയും വധശിക്ഷയ്ക്കുള്ള തീയതിയും സമയവും കുറിച്ച വിവരം തിഹാര്‍ അധികൃതര്‍ കത്ത് മുഖേന ഉത്തര്‍പ്രദേശ് ജയിലിനെ അറിയിക്കും. മീറത്ത് ജയിലിലെ മൂന്നാം തലമുറയില്‍ പെട്ട ആരാച്ചാരായ പവന്‍ ജല്ലാദിനാകും നറുക്ക് വീഴുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘അവരെ തൂക്കാന്‍ ഞാന്‍ തയ്യാര്‍’, മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പവന്‍ പ്രതികരിച്ചു. രാജ്യത്തെ 130 കോടി ജനങ്ങള്‍ക്കാണ് ഇതുവഴി സമാധാനം കിട്ടുന്നത്. നിര്‍ഭയയോട് ഇവര്‍ ചെയ്തത് ഹീനമായ കൃത്യമാണ്, ഇവരെ തൂക്കിക്കൊന്നേ മതിയാകൂ, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വധശിക്ഷയ്ക്ക് തീയതി കുറിച്ച ദിവസത്തിന് മൂന്ന് ദിവസം മുന്‍പ് തിഹാര്‍ ജയിലില്‍ എത്തിച്ചേരാമെന്നാണ് ജല്ലാദിന്റെ പ്രതീക്ഷ.

തൂക്കുമരവും, കയറും പരിശോധിച്ച്‌ കുറ്റവാളികളുടെ ഭാരം അളന്ന് മണ്ണ് നിറച്ച ചാക്കുകള്‍ ഉപയോഗിച്ച്‌ ഒന്നോ, രണ്ടോ ദിവസം പരീക്ഷണം നടത്തും. ജയില്‍ സൂപ്രണ്ട് അനുമതി നല്‍കുന്നതോടെയാണ് താന്‍ ഇവരെ തൂക്കിലേറ്റുകയെന്ന് ജല്ലാദ് കൂട്ടിച്ചേര്‍ത്തു.