വാഷിങ്ടണ്‍: അമേരിക്കയ്ക്ക് തിരിച്ചടി നല്‍കിയ ഇറാന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന് ഉടന്‍ തിരിച്ചടി നല്‍കുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ‘എല്ലാം നല്ലതിനാണ്, ലോകത്തെ ഏറ്റവും ശക്തവും സുസജ്ജവുമായ സൈന്യം ഞങ്ങള്‍ക്കുണ്ടെന്ന്’ ട്രംപ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.

ഇറാന്‍ മിസൈലാക്രമണം നടത്തിയതായി പെന്റഗണ്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. നാശനഷ്ടങ്ങള്‍ വിലയിരുത്തിവരികയാണ്. ഇറാന്റെ തിരിച്ചടിയില്‍ ബുധനാഴ്ച രാവിലെ ഔദ്യോഗിക പ്രസ്താവന നടത്തുമെന്നും ട്രംപ് വ്യക്തമാക്കി.

ആക്രമണത്തിന് പിന്നാലെ വൈറ്റ് ഹൗസില്‍ തിരക്കിട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പെറും വൈറ്റ് ഹൗസിലെത്തിയിരുന്നു.

അതേസമയം ഭീഷണികള്‍ മുഴക്കുന്ന ഇറാന് മറുപടിയുമായി യുഎസ് വ്യോമസേനയുടെ അഭ്യാസപ്രകടനം ഏറെ ശ്രദ്ദേയമായിരുന്നു. 52 യുദ്ധവിമാനങ്ങള്‍ അടങ്ങുന്ന എഫ്35എ ലൈറ്റ്നിംഗ് 2 ആണ് ഉട്ടാഹ് ഹില്‍ എയര്‍ ഫോഴ്സ് റണ്‍വേയില്‍ നിരന്നത്. 4.2 ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള യുദ്ധവിമാനങ്ങളാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശപ്രകാരം സംയുക്ത അഭ്യാസത്തില്‍ ഏര്‍പ്പെട്ടത്. ഇറാന് മേല്‍ തങ്ങള്‍ ലക്ഷ്യംവെച്ച്‌ തയ്യാറെടുത്ത് ഇരിക്കുകയാണെന്ന ശക്തമായ സന്ദേശമാണ് യുഎസ് ഇതുവഴി കൈമാറുന്നത്.

അഭ്യാസപ്രകടനങ്ങളുടെ ഭാഗമായി സൈനിക ശേഷി തെളിയിക്കാന്‍ വിമാനങ്ങള്‍ റണ്‍വേയില്‍ ടേക്ക്‌ഓഫിന് മുന്‍പായി ഒരുക്കുന്ന തരത്തില്‍ അണിനിരത്തുകയും ചെയ്തു. മാസങ്ങള്‍ക്ക് മുന്‍പ് തീരുമാനിച്ച ചടങ്ങുകള്‍ ഇറാന്‍ ജനറല്‍ കാസെം സൊലേമാനിയുടെ വധത്തോടെ കൂടുതല്‍ പ്രാധാന്യം നേടുകയാണ്. ‘ഞങ്ങള്‍ പറക്കാന്‍ തയ്യാറാണ്, പോരാടാനും, ജയിക്കാനും’, 419 ഫൈറ്റര്‍ വിംഗ്സ് ട്വീറ്റ് ചെയ്തു. ഇറാനുമായി സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ പെന്റഗണ്‍ ആറ് ബി52 സ്ട്രാറ്റജിക് ബോംബറുകളാണ് ഡീഗോ ഗാര്‍സ്യയിലേക്ക് അയച്ചത്.