ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയായി മാറിയിരിക്കുകയാണ് ഓസ്ട്രേലിയയിൽ മൂന്നുമാസമായി തുടരുന്ന കാട്ടുതീ. ഓസ്ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളിലും പടർന്ന കാട്ടുതീ ഒരു കോടി ഹെക്ടറിലേറെ (ഒരു ലക്ഷം ചതുരശ്ര കിലോമീറ്റർ) പ്രദേശത്തെ അഗ്നിയിൽ വിഴുങ്ങി. കഴിഞ്ഞ ഓഗസ്റ്റിൽ ആമസോണിൽ പടർന്ന കാട്ടുതീ ഒന്പതു ലക്ഷം ഹെക്ടർ വനത്തെയാണു ബാധിച്ചത്. അതിന്റെ പതിനൊന്ന് ഇരട്ടിയോളം സ്ഥലത്താണ് ഓസ്ട്രേലിയൻ കാട്ടുതീ. രണ്ടു വർഷം മുന്പ് കലിഫോർണിയയിൽ പടർന്ന കാട്ടുതീ പോലും എട്ടു ലക്ഷം ഹെക്ടർ വനമേ വെന്തെരിച്ചുള്ളൂ.
ഓസ്ട്രേലിയയിലടക്കം ദക്ഷിണാർധഗോളത്തിൽ വേനൽക്കാലമായ ഡിസംബർ-ഫെബ്രുവരി കാലത്താണ് ഓസ്ട്രേലിയയിൽ കാട്ടുതീ പടരാറ്. ചില കാലങ്ങളിൽ ഒന്നോ രണ്ടോ സീസണിലെ വരൾച്ചയുടെ തുടർച്ചയായിട്ടാകും കാട്ടുതീ. തീയുടെ രൂക്ഷത ഏറ്റവും കൂടിയ ദിവസവുമായി ബന്ധപ്പെട്ട പേരു നല്കിയാണ് ഓസ്ട്രേലിയക്കാർ കാട്ടുതീകളുടെ പട്ടിക സൂക്ഷിക്കാറ്. കറുത്ത വ്യാഴം, കറുത്ത ശനി എന്നിങ്ങനെ.
ഓസ്ട്രേലിയയിൽ ഏറ്റവുമധികം നാശം വിതച്ച കാട്ടുതീ 1974-ലായിരുന്നു. 11.7 കോടി ഹെക്ടർ കാട് അന്നു കത്തിനശിച്ചു. ഒട്ടും ജനവാസമില്ലാത്ത മധ്യ ഓസ്ട്രേലിയൻ കാടുകളിലായിരുന്നു ഇത്. തീ ഉണ്ടായ കാര്യം പോലും ഉപഗ്രഹചിത്രങ്ങളിലൂടെയാണു മനസിലാക്കിയത്.
ഇത്തവണത്തെ കാട്ടുതീ ഓസ്ട്രേലിയയിലെ ഒട്ടേറെ ജീവിവർഗങ്ങൾക്കു വലിയ നാശനഷ്ടം വരുത്തുമെന്ന ഭയപ്പാട് പരക്കെയുണ്ട്. കംഗാരു ഐലൻഡ് പോലുള്ള പ്രദേശങ്ങളിൽ പല ജീവികളുടെയും പ്രജനന സീസണിലാണു തീ എത്തിയത്. പല ജീവിവർഗങ്ങളുടെയും ആവാസവ്യവസ്ഥതന്നെ വെന്തെരിഞ്ഞു. ഗ്ലോസി ബ്ലാക്ക് കോക്കാറ്റു പക്ഷികൾ മുട്ടയിട്ട് അടയിരിക്കുന്ന സമയത്താണു തീ പടർന്നത്. അടയിരിക്കുന്ന തള്ളപ്പക്ഷി മുട്ട ഉപേക്ഷിച്ചു പറന്നുപോകില്ല. അങ്ങനെതന്നെ ഒട്ടേറെ പക്ഷികൾ വെന്തെരിഞ്ഞു. വംശനാശഭീഷണി നേരിടുന്നവയാണ് ഈ പക്ഷിവർഗം.
കംഗാരു, കോലാ, പിഗ്മി പോസം തുടങ്ങിയ ജീവികൾക്കും വ്യാപകമായ നാശം നേരിട്ടെന്നാണു കരുതപ്പെടുന്നത്.
കാട്ടുതീയുടെ ബാക്കിപത്രം
നവംബറിൽ ആരംഭിച്ച് ഇപ്പോഴും അതിരൂക്ഷമായി തുടരുന്ന ഓസ്ട്രേലിയൻ കാട്ടുതീ ചരിത്രത്തിലെ വലിയ അഗ്നിബാധകളിലൊന്നായി മാറുകയാണ്. അയൽരാജ്യങ്ങളുടെയും സൈന്യത്തിന്റെയും സഹായം ഉപയോഗിച്ചിട്ടും നൂറുകണക്കിന് ഇടങ്ങളിൽ പടരുന്ന തീക്കു ശമനം വരുത്താനായിട്ടില്ല. കാട്ടുതീ പ്രളയത്തിന്റെ ഇതുവരെയുള്ള ബാക്കിപത്രം.
മരണം: 25
നാശം: ഒരു കോടി ഹെക്ടർ ഭൂമി കത്തി നശിച്ചു. ഒരുലക്ഷം ചതുരശ്ര കിലോമീറ്റർ വരും ഇത്. കേരളത്തിന്റെ രണ്ടര മടങ്ങു വലുപ്പം. 1365 വീടുകൾ കത്തി നശിച്ചു.
വന്യജീവികൾ: ന്യൂസൗത്ത് വെയ്ൽസിൽ മാത്രം 48 കോടി വന്യജീവികൾ അഗ്നിക്കിരയായെന്ന് യൂണിവേഴ്സിറ്റി ഓഫ് സിഡ്നി കണക്കു കൂട്ടുന്നു. കോലാ എന്ന ജീവിയുടെ ആവാസവ്യവസ്ഥയുടെ 30 ശതമാനം നശിച്ചു.
ഓസ്ട്രേലിയയിലെ വലിയ കാട്ടുതീ ദുരന്തങ്ങൾ
കറുത്ത വ്യാഴം 1851 ഫെബ്രുവരി 6: വിക്ടോറിയ സംസ്ഥാനത്തിന്റെ നാലിലൊന്നു വെന്തെരിഞ്ഞു. മരണം 12. കത്തിയമർന്നത് 50 ലക്ഷം ഹെക്ടർ. പത്തുലക്ഷം ആടുകൾ അഗ്നിക്കിരയായി.
കറുത്ത വെള്ളി 1939 ജനുവരി 13: മരണം 71. ഇരുപതു ലക്ഷം ഹെക്ടർ കത്തിയമർന്നു. പല വർഷങ്ങളിലെ വരൾച്ചയുടെ ഒടുവിലാണ് 1938 ഡിസംബറിൽ കാട്ടുതീ തുടങ്ങിയത്.
കറുത്ത ഞായർ 1926 ഫെബ്രുവരി-മാർച്ച്. വിക്ടോറിയ, ക്വീൻസ്ലാൻഡ്, ന്യൂ സൗത്ത് വെയ്ൽസ് സംസ്ഥാനങ്ങളിൽ നാശം. 60 മരണം. 60 ലക്ഷം ഹെക്ടർ വെന്തെരിഞ്ഞു.
കറുത്ത ചൊവ്വ 1967 ഫെബ്രുവരി 7. ടാസ്മാനിയയിൽ 62 പേർ മരിച്ചു. 900 പേർക്കു പരിക്ക്. 1300 വീടുകൾ കത്തി നശിച്ചു. 80 പാലങ്ങളും 1500 വാഹനങ്ങളും കത്തിയമർന്നു.
ചാര ബുധൻ 1983 ഫെബ്രുവരി 16. പത്തുമാസം നീണ്ട വരൾച്ചയ്ക്കൊടുവിലെ അഗ്നിബാധ. 75 മരണം. 2676 പേർക്കു പരിക്കേറ്റു. അഞ്ചുലക്ഷം ഹെക്ടർ വെന്തെരിഞ്ഞു.
കറുത്ത ശനി 2009 ഫെബ്രുവരി 7. കാട്ടുതീയിൽ ഏറ്റവുമധികം ആൾനാശമുണ്ടായത് ഇതിലാണ്. 173 പേർ തീയിൽപ്പെട്ടു മരിച്ചു. നാലരലക്ഷം ഹെക്ടർ ഭൂമി കത്തിയമർന്നു. 2000 വീടുകൾ കത്തിയെരിഞ്ഞു.