വാഷിംഗ്ടണ്‍: ഇറാനിയന്‍ മിലിട്ടറി കമാന്‍ഡര്‍ കാസെം സൊലൈമാനിയെ സൈനിക നടപടിയിലൂടെ വധിക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം അമേരിക്കക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായെന്ന് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ മിഡില്‍ ഈസ്റ്റ് ഉപദേഷ്ടാവ് റോബര്‍ട്ട് മാലി പറഞ്ഞു.
ഇറാഖിലെ വരേണ്യരായ കുഡ്‌സ് സേനയെ നയിച്ച കാസിം സൊലൈമാനിയെ ലക്ഷ്യമിട്ടാണ് യുഎസ് ആക്രമണം നടത്തിയത്. ഇറാനില്‍ നിന്ന് വെള്ളിയാഴ്ച ഇറാഖിലെത്തിയ ശേഷം ബാഗ്ദാദ് വിമാനത്താവളത്തില്‍ നിന്ന് വാഹനത്തില്‍ സഞ്ചരിക്കവേയാണ് ആക്രമണം. ഈ വിവാദപരമായ തീരുമാനത്തില്‍ ഡെമോക്രാറ്റുകളില്‍ നിന്ന് ഗണ്യമായ വിമര്‍ശനത്തിന് ഇടയാക്കി. ഇറാനാകട്ടേ ഇതിന് പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയുമെടുത്തു.
ആക്രമണം നടന്നതിനുശേഷം വെള്ളിയാഴ്ച സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍, ലോകം കൂടുതല്‍ സുരക്ഷിതമായെന്നും, ഖാസെം സൊലൈമാനി കൊല്ലപ്പെട്ടത് ഈ മേഖലയിലെ അമേരിക്കക്കാര്‍ കൂടുതല്‍ സുരക്ഷിതരായെന്നും പ്രസ്താവിച്ചു. തിങ്കളാഴ്ച സിഎന്‍എന്നുമായുള്ള അഭിമുഖത്തിനിടെ, ഒബാമയുടെ സ്‌പെഷ്യല്‍ അസിസ്റ്റന്റായും മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക, ഗള്‍ഫ് റീജിയന്‍ എന്നിവയുടെ വൈറ്റ് ഹൗസിലെ കോഓര്‍ഡിനേറ്ററായും സേവനമനുഷ്ഠിച്ച റോബെര്‍ട്ട് മാലി ഈ വിലയിരുത്തലിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു.
‘തീര്‍ച്ചയായും അമേരിക്കക്കാര്‍ സുരക്ഷിതരല്ല, ഖാസെം സൊലൈമാനി കൊല്ലപ്പെടുന്നതിന് മുമ്പുള്ളതിനേക്കാള്‍ അരക്ഷിതാവസ്ഥ കൂടുതലായി,’ അദ്ദേഹം പറഞ്ഞു. ‘വാസ്തവത്തില്‍, ട്രംപ് ഭരണകൂടം അധികാരമേറ്റ നാളിനേക്കാള്‍ ഇപ്പോള്‍ സുരക്ഷിതത്വം കുറവാണ്,’ ഒബാമ കാലഘട്ടത്തിലെ ഉദ്യോഗസ്ഥന്‍ വാദിച്ചു.
‘ഇറാന്റെ ആണവ കരാറില്‍ നിന്ന് പിന്മാറല്‍, പരമാവധി ഉപരോധം ഏര്‍പ്പെടുത്തല്‍, ഇപ്പോള്‍ ഖാസെം സൊലൈമാനിയെ കൊല്ലുക തുടങ്ങിയ തീരുമാനങ്ങളുടെ പരമ്പര അമേരിക്കക്കാരുടെ ജീവിതത്തെ തീര്‍ച്ചയായും മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ അപകടത്തിലാക്കി,’ ട്രംപിന്റെ ഇറാന്‍ നയത്തെ വിമര്‍ശിച്ച് മാലി പറഞ്ഞു.
തന്റെ രാജ്യം തീര്‍ച്ചയായും തിരിച്ചടിക്കും, എന്നാല്‍ ലക്ഷ്യങ്ങള്‍ അമേരിക്കയുടെ സായുധ സേനയ്‌ക്കെതിരെയായിരിക്കുമെന്ന് ഇറാനിലെ പരമോന്നത നേതാവ് അയാത്തൊള്ള ഖൊമൈനിയുടെ ഉന്നത സൈനിക ഉപദേഷ്ടാവ് ജനറല്‍ ഹുസൈന്‍  ഡെഹ്ഗാന്‍ ഞായറാഴ്ച സിഎന്‍എന്നിനോട് പറഞ്ഞു. ‘ഉറപ്പായും പ്രതികരണം സൈനികമായും സൈനിക കേന്ദ്രങ്ങള്‍ക്കെതിരായും ആയിരിക്കും,’ ഡെഹ്ഗാന്‍ പറഞ്ഞു.
‘അമേരിക്കയാണ് യുദ്ധം ആരംഭിച്ചത്. അതിനാല്‍ അവരുടെ നടപടികള്‍ക്ക് ഉചിതമായ പ്രതികരണങ്ങള്‍ അവര്‍ പ്രതീക്ഷിക്കണം,’  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആക്രമണത്തോടൊപ്പം അമേരിക്ക തീവ്രവാദ കൊലപാതകമാണ് നടത്തിയതെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരീഫ് തിങ്കളാഴ്ച ട്വിറ്ററില്‍ കുറിച്ചു. ട്രംപിന്റെ തീരുമാനം ‘ആഗോളതലത്തില്‍ അമേരിക്കന്‍ വിരുദ്ധ വികാരവും കോപവും സമീപകാലത്തേക്കാള്‍ കൂടുതലായി’ എന്ന് അദ്ദേഹം പറഞ്ഞു. ‘പശ്ചിമേഷ്യയില്‍ ആപല്‍ക്കാരിയായ യുഎസിന്റെ സാന്നിധ്യം ഇതോടെ അവസാനിച്ചു,’ സരിഫ് ഉറപ്പിച്ചു പറഞ്ഞു.
ഇറാന്‍ തിരിച്ചടിച്ചാല്‍ ‘ഇറാനിയന്‍ സംസ്‌കാരത്തിന്റെ’ പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന 52 സ്ഥലങ്ങളുടെ പട്ടിക തന്റെ ഭരണകൂടം തയ്യാറാക്കിയിട്ടുണ്ടെന്നും വേണ്ടിവന്നാല്‍ അവയും നശിപ്പിക്കും എന്ന് ട്രംപ് ശനിയാഴ്ച ഭീഷണിപ്പെടുത്തി.
സൈനിക ഉപകരണങ്ങള്‍ക്കായി അമേരിക്ക രണ്ട് ട്രില്യണ്‍ ഡോളറാണ് ചെലവഴിച്ചത്. ലോകത്തിലെ ഏറ്റവും വലിയതും ഏറ്റവും മികച്ചതുമാണ് ഞങ്ങളുടെ ആയുധങ്ങള്‍,’ ഞായറാഴ്ച ട്രംപ് ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തു. ‘ഇറാന്‍ ഒരു അമേരിക്കന്‍ താവളത്തെയോ ഏതെങ്കിലും അമേരിക്കനെയോ ആക്രമിക്കുകയാണെങ്കില്‍, ഞങ്ങള്‍ ആ പുതിയ മനോഹരമായ ആയുധങ്ങള്‍ മേല്പറഞ്ഞ സ്ഥലങ്ങളില്‍ ഉപയോഗിക്കും … ഒരു മടിയും കൂടാതെ’, ട്രംപ് പറഞ്ഞു.
കോണ്‍ഗ്രസിലെ ഡെമോക്രാറ്റുകള്‍ പ്രസിഡന്റിന്റെ തീരുമാനത്തെയും ഇറാനിലെ സാംസ്‌കാരിക കേന്ദ്രങ്ങളെ ലക്ഷ്യമിടാനുള്ള ഭീഷണിയെയും എതിര്‍ത്തു. അത്തരമൊരു നീക്കം അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധക്കുറ്റമാകുമെന്ന് നിരവധി ഡെമോക്രാറ്റിക് നിയമ നിര്‍മ്മാതാക്കള്‍ പറഞ്ഞു.
തങ്ങളുടെ രാജ്യത്ത് ആക്രമണം നടത്താന്‍ കോണ്‍ഗ്രസിലോ ഇറാഖ് സര്‍ക്കാരിലോ നേതാക്കളോട് ആലോചിക്കാതെയാണ് ട്രംപ് തീരുമാനം എടുത്തത്. ഇതിന് മറുപടിയായി ഇറാഖ് പാര്‍ലമെന്റ് അമേരിക്കന്‍ സൈന്യത്തോട് രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയത്തിന് വോട്ട് ചെയ്തു. എന്നാല്‍ ആ തീരുമാനവുമായി മുന്നോട്ട് പോയാല്‍ ഇറാനെതിരെ നിലവില്‍ ചുമത്തിയതിനേക്കാള്‍ ശക്തമായ ഉപരോധം യുഎസ് സഖ്യത്തിന്മേല്‍ നല്‍കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി.
ടെഹ്‌റാനും വാഷിംഗ്ടണും തമ്മില്‍ പതിറ്റാണ്ടുകളായി പിരിമുറുക്കങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഇറാന്റെ ആണവകരാര്‍ എന്നറിയപ്പെടുന്ന സംയുക്ത സമഗ്ര പദ്ധതി (ജെസിപിഒഎ) ഒപ്പു വെച്ചതോടെ ബരാക് ഒബാമയുടെ ഭരണത്തില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടിരുന്നു. യുഎസിന് പുറമേ യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ജര്‍മ്മനി, യുണെറ്റഡ് കിംഗ്ഡം, റഷ്യ, ചൈന എന്നിവരും ഒപ്പുവച്ച ആ ഉടമ്പടി ആണവ പദ്ധതി തടയുന്നതിന് പകരമായി ഇറാന്‍ ഉപരോധവും അന്താരാഷ്ട്ര നിക്ഷേപവും വാഗ്ദാനം ചെയ്തു.
ഐക്യരാഷ്ട്രസഭയുടെ ന്യൂക്ലിയര്‍ വാച്ച്‌ഡോഗായ ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി (ഐഎഇഎ) യുടെ സ്ഥിരമായ റിപ്പോര്‍ട്ടുകള്‍ ഇറാന്‍ ഉടമ്പടി പാലിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, കരാര്‍ ആരംഭിച്ചതു മുതല്‍ വിമര്‍ശിച്ച ട്രംപ് 2019 മെയ് മാസത്തില്‍ ജെസിപിഒഎഎയില്‍ നിന്ന് പിന്മാറി. ഇറാനെതിരായ സാമ്പത്തിക ഉപരോധം വീണ്ടും നടപ്പാക്കി. മറ്റ് ഒപ്പുവെച്ച ഇടപാടുകളില്‍ നിന്ന് പിന്മാറുകയും ചെയ്തു.  ട്രംപിന്റെ തീരുമാനം ഉണ്ടായിരുന്നിട്ടും, ഇറാന്‍ തങ്ങളുടെ പ്രതിജ്ഞാബദ്ധതകളില്‍ നിന്ന് ക്രമാനുഗതമായി പിന്മാറാന്‍ തുടങ്ങുന്ന 2019 മെയ് വരെ കരാര്‍ പാലിച്ചിരുന്നു.
സൊലൈമാനിയുടെ കൊലപാതകത്തെത്തുടര്‍ന്ന്, കരാറിന്റെ ആവശ്യകതകള്‍ അവഗണിക്കുമെന്നും ആണവ പദ്ധതിയുടെ എല്ലാ പരിധികളും അവസാനിപ്പിക്കുമെന്നും ഇറാന്‍ പ്രഖ്യാപിച്ചു. എന്നിരുന്നാലും, യുഎസ് ഉള്‍പ്പെടുന്ന കരാറില്‍ ഒപ്പു വെച്ച എല്ലാ രാജ്യങ്ങളും നിബന്ധനകള്‍ പാലിച്ച് ഉടമ്പടിയിലേക്ക് മടങ്ങുകയാണെങ്കില്‍ തങ്ങളും പുനര്‍വിചിന്തനം നടത്തുമെന്നും ഇറാന്‍ പറഞ്ഞു.