മധുര: നടനും ഡാന്‍സറുമായ നകുല്‍ തമ്ബിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. നകുല്‍ സഞ്ചരിച്ച കാര്‍ കൊടൈക്കനാലിനു സമീപം കാമക്കാപട്ടിക്കടുത്തുവെച്ച്‌ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ നകുല്‍ തമ്ബി ഇപ്പോള്‍ ഐസിയുവിലാണ്.

അപകടത്തില്‍ നകുലിന് പുറമെ സുഹൃത്ത് ആദിത്യനും (24) ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകീട്ട് ആണ് അപകടം നടന്നത്. ആദിത്യനും തലയ്ക്കാണ് പരിക്ക്. കൊടൈക്കനാലില്‍ നിന്ന് നാട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം ഉണ്ടായത്.

ഗുരുതരമായി പരിക്കേറ്റ നകുലിനെയും ആദിത്യയെയും വത്തലഗുണ്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം വിദഗ്ദ്ധചികിത്സയ്ക്കായി മധുര വേലമ്മാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. മഴവില്‍ മനോരമയിലെ ഡാന്‍സ് റിയാലിറ്റി ഷോയായ ഡി ഫോര്‍ ഡാന്‍സിലെ മത്സരാര്‍ത്ഥിയായിരുന്നു നകുല്‍ തമ്ബി. ‘പതിനെട്ടാം പടി’ എന്ന ചിത്രത്തിലും നകുല്‍ അഭിനയിച്ചിട്ടുണ്ട്.