ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍. താന്‍ ജെഎന്‍യുവില്‍ പഠിക്കുന്ന കാലത്തൊന്നും അവിടെ ഒരു തുക്ഡെ തുക്ഡെ സംഘത്തെയും കണ്ടിട്ടില്ലെന്ന് തനിക്ക് ഉറപ്പിച്ച്‌ പറയാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച ഡല്‍ഹിയില്‍ ചൈനയെക്കുറിച്ചുള്ള ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷത്തെയും ഇടതു പാര്‍ട്ടികളെയും ആക്ഷേപിക്കാനായി ബി.ജെ.പി നിരന്തരം നടത്തുന്ന പ്രയോഗമാണ് ‘ടുക്‌ഡെ, ടുക്‌ഡെ ഗാങ്’. ആക്രമണത്തിന് തൊട്ടു പിന്നാലെ, ജെ.എന്‍.യുവിന്റെ പാരമ്ബര്യത്തിന് നിരക്കാത്ത സംഭവമാണുണ്ടായതെന്ന് പൂര്‍വ വിദ്യാര്‍ഥി കൂടിയായ ജയ്ശങ്കര്‍ പറഞ്ഞിരുന്നു.

പ്രശ്‌നപരിഹാരത്തിന് സമീപനമുള്ളവരാണ് മോദി സര്‍ക്കാര്‍. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പ്രശ്‌നങ്ങളായ പൗരത്വ നിയമം, ആര്‍ട്ടിക്കിള്‍ 370, അയോധ്യ എന്നിവ പരിഹരിച്ചതില്‍ നിന്ന് ഇത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രസംഗത്തില്‍ ചൈനീസ് നേതൃത്വത്തെയും ജയ്ശങ്കര്‍ പ്രശംസിച്ചു. ചൈനക്കാര്‍ തങ്ങള്‍ ലക്ഷ്യമിടുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ വളരെ മികച്ചവരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരിണാമത്തിലൂടെയും ആകസ്മികതയിലൂടെയും നിങ്ങള്‍ക്ക് ഒരു വലിയ ശക്തി ആകാനാകില്ലെന്നും അതിന് നേതൃത്വവും പരിശ്രമവും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.