വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വാഷിംഗ്ടണ്‍ ചാപ്റ്റര്‍ പ്രസിഡന്റായി അറ്റോര്‍ണി ജോണ്‍സണ്‍ മയാലിലിനെ നിയമിച്ചു. വാഷിംഗ്ടണ്‍ ഡി.സിയിലെ ഹൈടെക് ഇമിഗ്രേഷന്‍ നിയമ ഗ്രൂപ്പിന്റെ പ്രമുഖ അഭിഭാഷകനാണ്. കൊളംബിയ, ഇല്ലിനോയി സ്റ്റേറ്റ് ബാര്‍ അസോസിയേഷന്‍, അമേരിക്കന്‍ ഇമിഗ്രേഷന്‍ ലോയേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ അംഗവും അന്താരാഷ്ട്ര സംഘടനയായ പ്രിസര്‍വേഷന്‍ പ്രൊട്ടക്ഷന്‍ ഓഫ് നേച്ചറിന്റെ ഉപദേഷ്ടാവും കൂടിയാണ് അറ്റോര്‍ണി ജോണ്‍സണ്‍ മയാലില്‍.

അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ക്കുന്നതിനു മുമ്പ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലും യുവജന സംഘടനകളിലും സജീവ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. പ്രമുഖ യുവജന സംഘടനയായ അഖില കേരള ബാലജനസഖ്യത്തിന്റെ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള സ്റ്റുഡന്റ്‌സ് യൂണിയന്റെ ദേശീയ അംഗവും, ജില്ലാ സെക്രട്ടറിയായും തന്റെ നേതൃപാടവം തെളിയിച്ചിട്ടുണ്ട്. കൂടാതെ ദേശീയ ലോയേഴ്‌സ് പോറത്തിന്റെ ജോയിന്റ് കണ്‍വീനറായും തന്റെ നേതൃപാടവം തെളിയിച്ചിട്ടുണ്ട്.

വാഷിംഗ്ടണ്‍ ചാപ്റ്റര്‍ വിപുലീകരിച്ച് ഐ.ഒ.സി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നു അദ്ദേഹം പറഞ്ഞു. ഇത്രയും പ്രവര്‍ത്തന പാരമ്പര്യമുള്ള ജോണ്‍സണ്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന് ഒരു മുതല്‍ക്കൂട്ടാണെന്നു വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം പ്രസ്താവിച്ചു.