തിരുവനന്തപുരം : തലസ്ഥാന നഗരത്തിലെ ഇടപ്പഴഞ്ഞിയില്‍ ഉണ്ടായ ഗതാഗതക്കുരുക്കില്‍ അകപ്പെട്ട് മന്ത്രി കടകംപളളി സുരേന്ദ്രന്‍. കുറെ നേരം കാറില്‍ തന്നെ ഇരുന്നു നോക്കിയെങ്കിലും ഫലമുണ്ടായില്ല. പിന്നെ ഒന്നും നോക്കിയില്ല. അവസാനം കുരുക്കഴിക്കാന്‍ മന്ത്രി തന്നെ റോഡില്‍ നേരിട്ടിറങ്ങി ഗതാഗതം നിയന്ത്രിച്ചു.

തിരക്കേറിയ സമയത്ത് ട്രാഫിക് സിഗ്‌നല്‍ തകരാറിലായതോടെയാണ് ഗതാഗതം താറുമാറായത്. സ്ഥലത്ത് ആകെ ഡ്യൂട്ടിയിലുണ്ടായിരുന്നത് ഒരു പൊലീസുകാരന്‍ മാത്രം. അനിയന്ത്രിതമായി തിരക്ക് വന്നതോടെ ക്യു കിലോമീറ്ററുകള്‍ നീണ്ടു.

ട്രാഫിക് പൊലീസിന്റെ പണി മന്ത്രി ഏറ്റെടുത്ത് ചെയ്യുന്നതുകണ്ട നാട്ടുകാരിലും മറ്റ് യാത്രക്കാരിലും കൗതുകമുണ്ടാക്കി. കുന്നത്തുകാലില്‍ ഒരു പരിപാടിക്ക് പോകാനിറങ്ങിയതായിരുന്നു മന്ത്രി. മറ്റൊരു പരിപാടിക്ക് പോകുകയായിരുന്ന നെടുമങ്ങാട് ഡിവൈഎസ്പിയും കുരുക്ക് കണ്ട് സ്വയം ഗതാഗത നിയന്ത്രണത്തിനിറങ്ങി.