ന്യൂഡല്‍ഹി: കേരള മുന്‍ ഗവര്‍ണര്‍ ത്രിലോകി നാഥ് ചതുര്‍വേദി (90) അന്തരിച്ചു. നോയിഡയിലെ കൈലാഷ് ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. 2004 ഫെബ്രുവരി 25 മുതല്‍ ജൂണ്‍ വരെയായിരുന്നു ചതുര്‍വേദി കേരള ഗവര്‍ണര്‍ പദവി വഹിച്ചിരുന്നത്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും 1984 മുതല്‍ 1989 വരെ ഇന്ത്യയുടെ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലുമായിരുന്നു അദ്ദേഹം. 2002 മുതല്‍ 2007 വരെ കര്‍ണാടക ഗവര്‍ണറായും ചതുര്‍വേദി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അതിനിടെ, സിക്കന്തര്‍ ഭക്തിന്റെ നിര്യാണത്തെ തുടര്‍ന്ന് 2004 ഫെബ്രുവരി 25 മുതല്‍ ജൂണ്‍ വരെ കേരള ഗവര്‍ണറുടെ ചുമതലയും വഹിച്ചു. 1991ല്‍ ചതുര്‍വേദിക്ക് രാജ്യം പദ്മവിഭൂഷണന്‍ നല്‍കി ആദരിച്ചു. 2007ല്‍ ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷം നോയിഡയിലായിരുന്നു താമസം. നിലവില്‍ ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ചെയര്‍മാന്‍ പദവി വഹിച്ചുവരികയായിരുന്നു.