ന്യൂയോര്‍ക് : മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഇനി രോഗികള്‍ക്കും ആശ്രിതര്‍ക്കും  ചൂടുവെള്ളം സമൃദ്ധമായി ലഭിക്കും. ഇതിനായി കേരള   മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍  യു എസ് എ  ചാപ്റ്റര്‍  കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആശുപത്രിയില്‍ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ സ്ഥാപിച്ചതായി യു  എസ് എ ചാപ്റ്റര്‍ പ്രസിഡന്റും, അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ യു.എ. നസീര്‍ അറിയിച്ചു .  ഇതിനോടനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങു പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.  കെ.എം.സി.സി യു.എസ്.എ പ്രസിഡന്റ് യു.എ. നസീര്‍ അധ്യക്ഷത വഹിച്ചു.
ദിവസവും നൂറുകണക്കിന് രോഗികളെത്തുന്ന ആശുപത്രിയില്‍ മുഴുവന്‍ സമയവും രോഗികള്‍ക്കും ആശ്രിതര്‍ക്കും ചൂടുവെള്ളം ലഭിക്കുന്നതിനായാണ് ആശുപത്രിയില്‍ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ സ്ഥാപിച്ചതെന്നു പ്രസിഡന്റ് യു എ നസീര്‍ പറഞ്ഞു. കെ.എം.സി.സി യു.എസ്.എ യുടെ കേരളത്തിലെ പ്രഥമ പ്രൊജക്റ്റ് കൂടിയാണിത്.
അഡ്വ.എം. ഉമ്മര്‍ എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എം. സുബൈദ, മുസ് ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി അഡ്വ.യു.എ. ലത്തീഫ്,   മുന്‍ എം.എല്‍.എ ഇസ്ഹാഖ് കുരിക്കള്‍, മെഡിക്കല്‍ കോളേജ്  ആര്‍.എം.ഒ ഡോ.സഹീര്‍, ഡോ. ഷാജി എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സഫ് വാന്‍ മഠത്തില്‍ (കെ.എം.സി.സി യു.എസ്.എ) സ്വാഗതവും ഇബ്രാഹീം കുരിക്കള്‍ (കെ.എം.സി.സി കാനഡ) നന്ദിയും പറഞ്ഞു.
എ.പി മജീദ് മാസ്റ്റര്‍, എംപിഎം ഇബ്രാഹിം കുരിക്കള്‍, കെ.കെ.ബി മുഹമ്മദലി, അന്‍വര്‍ മുള്ളമ്പാറ, അഡ്വ. എ പി ഇസ്മായില്‍, പി.എം.എ മാന്‍മാന്‍, സാദിഖ് കൂള മഠത്തില്‍, കണ്ണിയന്‍ മുഹമ്മദലി, സി.എം അഹമ്മദ് കുട്ടി, കുരിക്കള്‍ മുനീര്‍,തോപ്പില്‍ മുസ്തഫ, പി.എം മുഹമ്മദ് എന്ന നാണി എന്നിവര്‍  സന്നിദ്ധരായിരുന്നു.