കൊച്ചി: തന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് കൊച്ചിയിലെ ഹോട്ടലില്‍ നേരത്തെ നിശ്ചയിച്ചിരുന്ന വിവാഹം മാറ്റേണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ വിദേശവനിതയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് രാഷ്ട്രപതിയുടെ തീരുമാനം. തനിക്ക് താമസമൊരുക്കിയ കൊച്ചിയിലെ ഹോട്ടലിലെ അതിസുരക്ഷ രാഷ്ട്രപതി വേണ്ടെന്നുവച്ചു.

കൊച്ചിയിലെ താജ് വിവാന്ത ഹോട്ടലില്‍ ചൊവ്വാഴ്ചയായിരുന്നു വിവാഹം നടക്കേണ്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15ന് കൊച്ചിയില്‍ എത്തുന്ന രാഷ്ട്രപതിക്കും ഇതേ ഹോട്ടലില്‍ തന്നെയായിരുന്നു താമസം ഒരുക്കിയത്. ഇതിനെ തുടര്‍ന്ന് സുരക്ഷ പ്രോട്ടോക്കോള്‍ അനുസരിച്ച്‌ വിവാഹവേദി മാറ്റേണ്ട സ്ഥിതിയായി.

തുടര്‍ന്നാണ് ആഷ്ലി ഹാള്‍ എന്ന വിദേശവനിത ഇക്കാര്യം വ്യക്തമാക്കി രാഷ്ട്രപതിക്ക് ട്വീറ്റ് ചെയ്തത്.ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ തനിക്ക് വേണ്ടി വിവാഹം മാറ്രേണ്ടെന്നും മുന്‍ നിശ്ചയിച്ച പ്രകാരം നടത്താനും രാഷ്ട്രപതി നിര്‍ദ്ദേശിച്ചു. തിങ്കളാഴ്ച ഹോട്ടലില്‍ തങ്ങിയശേഷം അദ്ദേഹം ചൊവ്വാഴ്ച രാവിലെ ലക്ഷദ്വീപിലേക്ക് യാത്ര തിരിക്കും.