ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ ആക്രമണം അഴിച്ചുവിട്ട ഗുണ്ടകളെ സഹായിക്കുന്നത് പൊലീസ് തന്നെയാണെന്ന ആരോപണവുമായി നടി സ്വര ഭാസ്‌കര്‍.

കഴിഞ്ഞ ദിവസം രാത്രിയില്‍ ക്യാമ്ബസില്‍ നടന്ന അക്രമ സംഭവങ്ങള്‍ ഉദ്ധരിച്ച്‌ നടി ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു നടി ആക്രമണത്തോട് പ്രതികരിച്ചത്. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അക്രമികള്‍ മര്‍ദ്ദിക്കുന്നുണ്ടെന്നും തന്റെ മാതാപിതാക്കള്‍ താമസിക്കുന്നത് ജെഎന്‍യു ക്യാമ്ബസിലാണെന്നും സ്വര വീഡിയോയില്‍ പറയുന്നു.

‘ജെഎന്‍യുവിലേക്ക് വരൂ, പ്രധാനഗേറ്റ് എബിവിപിക്കാരും ബജ്‌രംഗദളുകാരും വളഞ്ഞിരിക്കുകയാണ്. ദേശത്തിന്റെ ദ്രോഹികളെ, വെടിവച്ചുകൊല്ലൂ (ദേശ് കി ഗദ്ദാരോം കോ, ഗോലി മാരോ സാലോം കോ) എന്ന മുദ്രാവാക്യങ്ങളാണ് ഇവിടെ മുഴങ്ങിക്കേള്‍ക്കുന്നത്. ഇവര്‍ക്ക് സഹായവുമായാണ് പൊലീസ് നില്‍ക്കുന്നത്. ഗുണ്ടകളെ പൊലീസ് സഹായിക്കുകയാണ്. ഇവിടത്തെ സ്ട്രീറ്റ് ലൈറ്റുകളെല്ലാം പൊലീസ് ഓഫ് ചെയ്തിരിക്കുകയാണ്. ഒരു കിലോമീറ്റര്‍ ദൂരം റോഡില്‍ ഒരു വെളിച്ചവുമില്ല. ഇവിടേക്ക് വന്ന ആംബുലന്‍സുകള്‍ തല്ലിത്തകര്‍ത്തു. ഇതെല്ലാം പൊലീസ് നോക്കി നില്‍ക്കുകയാണ്….’ – സ്വര ഭാസ്‌കര്‍ വീഡിയോയില്‍ പറയുന്നു.

അതേസമയം അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വിസിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് അധ്യാപകര്‍. സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു.

ജെഎന്‍യുവില്‍ ഇന്നലെ നടന്ന അക്രമങ്ങള്‍ ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തുന്ന വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്തായിട്ടുണ്ട്. യുണൈറ്റ് എഗൈന്‍സ്റ്റ് ലെഫ്റ്റ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് അക്രമം നടത്തുന്നതിനെക്കുറിച്ചും സാധ്യമായ വഴികളെക്കുറിച്ചുമുള്ള സന്ദേശങ്ങള്‍ ഉള്ളത്.

അക്രമികള്‍ക്ക് ജെഎന്‍യുവിലേക്ക് എത്താനുള്ള വഴികള്‍ സന്ദേശത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ജെഎന്‍യു പ്രധാന ഗേറ്റില്‍ സംഘര്‍ഷം ഉണ്ടാക്കേണ്ടതിനെ കുറിച്ചും പറയുന്നു. ക്യാമ്ബസിലെ പൊലീസ് സാന്നിധ്യം അന്വേഷിക്കുകയും ചെയ്യുന്നുണ്ട് സന്ദേശങ്ങളില്‍.