ഓസ്‌ട്രേലിയയിലെ കാട്ടുതീക്ക് നേരിയ ശമനം. ഇന്ന് പുലര്‍ച്ചെ അനുഭവപ്പെട്ട തണുത്ത കാലാവസ്ഥയാണ് കാട്ടുതീയുടെ തീവ്രതയില്‍ അല്‍പം കുറവുണ്ടാക്കിയത്. അതേസമയം വരും ദിവസങ്ങളില്‍ ചൂട് ഇനിയും കൂടുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഏകദേശം ഇരുനൂറോളം കാട്ടുതീകളാണ് ഓസ്‌ട്രേലിയയില്‍ ഇപ്പോഴും പടര്‍ന്നുകൊണ്ടിരിക്കുന്നത്. ശക്തമായ കാറ്റും കനത്ത ചൂടും കാരണം കാട്ടുതീ നിയന്ത്രണവിധേയമാക്കാന്‍ അധികൃതര്‍ കഷ്ടപ്പെടുകയായിരുന്നു. സൗത്ത് വേല്‍സ്, സൗത്ത് ഓസ്‌ട്രേലിയ, വിക്ടോറിയ എന്നിവിടങ്ങളിലാണ് കാട്ടുതീ ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. ഈ മേഖലയിലുള്ള ഭൂരിഭാഗം ആളുകളും തീര പ്രദേശങ്ങളിലേക്ക് പലായനം ചെയ്തു. നാവിക സേനയുടെ കപ്പലിലാണ് ഇവരെ തീരങ്ങളിലെത്തിച്ചത്. കാട്ടുതീയെതുടര്‍ന്ന് കഴിഞ്ഞ നാല് മാസത്തിനിടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 24 ആയി.