തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ മുസ്ലീം സമുദായത്തെ വിശ്വാസത്തിലെടുക്കണമെന്ന് ആര്‍ച്ച്‌ ബിഷപ്പ് സൂസപാക്യം കേന്ദ്ര സഹമന്ത്രി കിരണ്‍ റി‍ജ്ജുവിനോട് ആവശ്യപ്പെട്ടു. മുസ്ലീം സമുദായത്തിന്റെ ആശങ്കകള്‍ പ്രധാനമായും ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും അദ്ദേഹം മന്ത്രിയെ അറിയിച്ചു. മതത്തിന്‍റെ പേരില്‍ അളുകളെ വിഭജിക്കുന്നത് ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ലെന്നും അദേഹം പറഞ്ഞു. അതേസമയം മുസ്ലീം സമുദായത്തെ ലക്ഷ്യമിടുന്നതായുള്ള പ്രചാരണം തെറ്റാണെന്നും അയല്‍ രാജ്യങ്ങളില്‍ മതത്തിന്റ പേരില്‍ പീഡിപ്പിക്കപ്പെട്ടവര്‍ക്ക് വേണ്ടിയാണ് നിയമമെന്നായിരുന്നു കിരണ്‍ റിജ്ജു മറുപടി നല്‍കിയത്.

പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ രാജ്യവ്യാപകമായി ബിജെപി നടത്തുന്ന പ്രചാരണ പരിപാടികളുടെഭാഗമായാണ് കേന്ദ്ര സഹമന്ത്രി കിരണ്‍ റിജ്ജു കേരളത്തിലെത്തിയത്. തിരുവനന്തപുരത്ത് സാഹിത്യകാരന്‍ ജോര്‍ജ്ജ് ഓണക്കൂറിന്റെ വീട് സന്ദര്‍ശിച്ചാണ് കിരണ്‍ റിജ്ജു ച്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടത്. വീട്ടിലെത്തിയ മന്ത്രിയോട് പൗരത്വ നിയമത്തിനെതിരാണ് താനെന്ന് ഓണക്കൂര്‍ തുറന്ന് പറഞ്ഞു. മുസ്ലീങ്ങളെ മാത്രം ഒഴിവാക്കിയത് രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവത്തിന് എതിരാണെന്ന് മന്ത്രിയെ അറിയിച്ച ഓണക്കൂര്‍ നിയമത്തോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.