ദില്ലി: ഇറാനും അമേരിക്കയും തമ്മില്‍ യുദ്ധകാഹളം മുഴങ്ങുമ്ബോള്‍, മിഡില്‍ ഈസ്റ്റ് മേഖലയിലെ സമാധാനസ്ഥിതി സംബന്ധിച്ച് ആശങ്ക അറിയിച്ച് ഇന്ത്യ.
വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്, ഇറാന് വിദേശകാര്യമന്ത്രി ജാവേദ് സാരിഫുമായും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായും സംസാരിച്ചു. മേഖലയില്‍ തുടരുന്ന സംഘര്‍ഷത്തില്‍ സ്ഥിതി വഷളാവരുതെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടു. സ്ഥിതിയില്‍ കടുത്ത ആശങ്കയുണ്ടെന്ന് അമേരിക്കയോടും ഇന്ത്യ അറിയിച്ചു.
ഒമാന്‍ വിദേശകാര്യമന്ത്രി യൂസഫ് അലവിയോടും, യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സയ്യിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനുമായും എസ് ജയ്ശങ്കര് സംസാരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് മേജര്‍ ജനറല്‍ കാസിം സൊലേമാനിയും മറ്റ് അഞ്ച് പ്രമുഖ ഇറാനിയന്‍ പ്രതിരോധ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത്.
‘ഇറാനിയന്‍ വിദേശകാര്യമന്ത്രി, ജാവേദ് സാരിഫുമായി സംസാരിച്ചു. ഈ മേഖലയില്‍ കാര്യങ്ങള്‍ പരിധി വിടുകയാണെന്ന് ചൂണ്ടിക്കാട്ടി. സംഘര്‍ഷത്തില്‍ ഇന്ത്യക്ക് വലിയ ആശങ്കയുണ്ട്. വീണ്ടും സംസാരിക്കാമെന്നുറപ്പ് നല്‍കിയാണ് ഞങ്ങള്‍ സംഭാഷണം അവസാനിപ്പിച്ചത്’, എസ് ജയ്ശങ്കര് ട്വീറ്റില്‍ പറഞ്ഞു.