ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവരെ മര്‍ദ്ദിച്ചത് മുഖം മറച്ച്‌ ആയുധങ്ങളുമായി എത്തിയ സംഘം. എ.ബി.വി.പി സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകര്‍. അദ്ധ്യാപകരേയും അക്രമികള്‍ മര്‍ദ്ദിച്ചിട്ടുണ്ട്.

മുഖം മറച്ച്‌ ആയുധങ്ങളുമായി നില്‍ക്കുന്ന അക്രമി സംഘത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന സബര്‍മതി, മഹി മാന്ദ്‌വി, പെരിയാര്‍ തുടങ്ങിയ ഹോസ്റ്റലുകളിലുള്ളവര്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.

മുഖംമറച്ചെത്തിയ സംഘം വടികളും ഹാമറുമടക്കം ഉപയോഗിച്ച്‌ ഹോസ്റ്റലുകളിലേക്ക് കയറി വന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഹോസ്റ്റലുകള്‍ക് നേരെ കല്ലേറ് നടത്തിയ സംഘം വാഹനങ്ങളും നശിപ്പിച്ചു. ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അക്രമമെന്നാണ് സൂചന. അതേ സമയം ക്യാമ്ബസിന് പുറത്ത് നിന്നുള്ളവരും അക്രമത്തില്‍ പങ്കാളികളായിട്ടുണ്ടെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

ഇതിനിടെ ഇടത്പക്ഷ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പ്രവര്‍ത്തകരെയാണ് മര്‍ദിച്ചതെന്ന ആരോപണവുമായി എ.ബി.വി.പി പ്രസിഡന്റ് ദുര്‍ഗേഷ് കുമാര്‍ രംഗത്തെത്തി. സംഘര്‍ഷത്തെ തുടര്‍ന്ന് കാമ്ബസില്‍ വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ജെ.എന്‍.യുവിലേക്കുള്ള റോഡുകളും പൊലീസ് അടച്ചു