വാഷിങ്ടണ്‍: പശ്ചിമേഷ്യ യുദ്ധ ഭീതിയുടെ മുള്‍മുനയില്‍ നില്‍ക്കേ ഇറാനെതിരേ ഭീഷണി കടുപ്പിച്ച്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തങ്ങളുടെ കൈയില്‍ മനോഹരമായ പുതിയ ആയുധം ഉണ്ടെന്നും വേണ്ടിവന്നാല്‍ ഇറാനെതിരേ അത് പ്രയോഗിക്കാന്‍ മടിക്കില്ലെന്നുമാണ് ട്രംപിന്റെ ഭീഷണി. അമേരിക്കക്കാരെയോ അമേരിക്കന്‍ സൈനിക താവളങ്ങളോ ആക്രമിക്കുകയാണെങ്കില്‍ ഇതുവരെ കാണാത്തരീതിയില്‍ അതിശക്തമായി ഇറാനെ ആക്രമിക്കുമെന്നും ട്രംപ് പറഞ്ഞു.
‘ആയുധങ്ങള്‍ക്ക് വേണ്ടി രണ്ട് ട്രില്യണ്‍ ഡോളറാണ് യു.എസ് ചെലവഴിച്ചത്. ലോകത്തിലെ ഏറ്റവും വലിയതും മികച്ചതുമായ സൈന്യമാണ് ഞങ്ങളുടേത്. അമേരിക്കന്‍ സൈനിക താവളങ്ങളെയോ, ഏതെങ്കിലും അമേരിക്കക്കാരനെയോ ഇറാന്‍ ആക്രമിക്കുകയാണെങ്കില്‍ പുതിയ മനോഹരമായൊരു ആയുധം ഞങ്ങള്‍ ഇറാനിലേക്ക് അയക്കും. അതില്‍ ഒരു സംശയവും വേണ്ട’ ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

തങ്ങള്‍ക്കെതിരേ ആക്രമണത്തിന് തുനിഞ്ഞാല്‍ ഇറാന്റെ തന്ത്രപ്രധാനമായ 52 കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഇതു വരെ കാണാത്ത ആയുധം ഉപയോഗിക്കുമെന്നുള്ള ഭീഷണി.

അമേരിക്കയ്ക്ക് എതിരേ തിരിച്ചടിക്കാന്‍ സജ്ജമാണെന്ന സൂചനകളാണ് ഇറാന്റെ ഭാഗത്തുന്നിന്നും ഉണ്ടാവുന്നത്. ഇറാന്‍ ജാംകരണ്‍ പള്ളിയുടെ താഴികക്കുടത്തില്‍ ചുവന്ന പതാക ഉയര്‍ത്തിയതു യുദ്ധ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു. വലിയ യുദ്ധം വരാനുണ്ടെന്നതിന്റെ സൂചനയായിട്ടാണേ്രത ജാംകരണ്‍ പള്ളിയുടെ താഴികക്കുടത്തില്‍ ചുവന്ന പതാക ഉയര്‍ത്തുന്നത്.