മയാമി (ഫ്‌ളോറിഡ): ലക്ഷക്കണക്കിന് ജനങ്ങളെ പാര്‍ശ്വവത്ക്കരിക്കുകയും രാജ്യമില്ലാതാക്കുകയും ചെയ്യുന്ന ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തിനും (CAA) ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ (NRC) ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളം, തെലങ്കാന, ആന്ധ്രപ്രദേശ്, വെസ്റ്റ് ബംഗാള്‍, പഞ്ചാബ്, ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് വിവിധ വിശ്വാസ സമൂഹങ്ങളിലെ ഭാരതീയര്‍ മയാമിയിലെ ടോര്‍ച്ച് ഓഫ് ഫ്രണ്ട്ഷിപ്പില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ അണിചേര്‍ന്നു.

അനവധി അമേരിക്കന്‍ വംശജരും അവരുടെ കുടുംബങ്ങളും ക്യൂബന്‍ പൗരന്മാരും ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ പ്രതിസന്ധികളെ പറ്റി കൂടുതല്‍ വ്യഗ്രതയോടെ ആരായുകയും പ്രതിഷേധത്തില്‍ പങ്കെടുക്കുകയും ചെയ്തു. ഇത് ബഹുസ്വരതക്കും ഏകത്വത്തിനും പ്രതീകമായി.

ഇന്ത്യ ഒട്ടാകെ കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കും, മുതിര്‍ന്നവര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ പോലീസ് അഴിച്ചു വിടുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. വിവേചനപരവും ഭരണഘടനക്കു വിരുദ്ധവുമായ നിയമത്തെ ഇന്ത്യന്‍ സര്‍ക്കാര്‍  റദ്ദാക്കണമെന്നും ഇന്ത്യയുടെ ഭരണഘടനയും  അതില്‍ പരാമര്‍ശിച്ചിട്ടുള്ള മതനിരപേക്ഷതയുടെയും ബഹുസ്വരതയുടെയും ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നുമുള്ള ആവശ്യങ്ങള്‍  പ്രതിഷേധക്കാര്‍  ഉന്നയിച്ചു.

അമേരിക്കയുടെയും ഇന്ത്യയുടേയും ദേശീയ ഗാനാലാപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഭരണഘടനയുടെ അവതാരിക വായിച്ചു. തുടര്‍ന്ന് ഫ്‌ളോറിഡ ഡിസ്ട്രിക്റ്റ് 92 ബ്രോവാഡ് കൗണ്ടിയില്‍ നിന്ന് ജനപ്രതിനിധി സഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥി സാജന്‍ കുര്യനും തെക്കന്‍ ഫ്‌ളോറിഡയിലെ മറ്റു സാമൂഹിക പ്രതിനിധികളും  സംസാരിച്ചു.

ഈ കൊടിയ മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്ന് പിന്തിരിയാന്‍ ഇന്ത്യാ ഗവണ്മെന്റിനെ പ്രേരിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.

പോലീസ് മര്‍ദ്ദനവും പ്രതിഷേധങ്ങളോടുള്ള സര്‍ക്കാരിന്റെ അക്രമാസക്തമായ മനോഭാവവും അസഹിഷ്ണുതാപരമായ അറസ്റ്റുകളും ഒഴിവാക്കണമെന്നും, വിഷയത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും, ജാമിയ മില്ലിയ സര്‍വകലാശാലയിലേക്ക് അതിക്രമിച്ചു കയറാന്‍ ഉത്തരവു കൊടുത്ത പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും, പോലീസ് അക്രമത്തില്‍ ഇരയായവര്‍ക്ക് ചികിത്സ ഉറപ്പ് വരുത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.