ന്യൂഡല്‍ഹി : ഡിസംബര്‍ 15ന് പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിനിടയില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി പോലീസ് വെടിയുതിര്‍ത്തതായി വെളിപ്പെടുത്തല്‍. പ്രതിഷേധം നിയന്ത്രണം വിട്ടതോടെ ആത്മരക്ഷാര്‍ഥം പോലീസ് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ഒരു ദേശീയ മാധ്യമത്തോട് പേരുവെളിപ്പെടുത്താത്ത പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. പ്രക്ഷോഭങ്ങള്‍ക്കിടെ പോലീസ് വെടിയുതിര്‍ത്തിട്ടില്ലെന്നായിരുന്നു തുടക്കത്തില്‍ അധികൃതര്‍ അവകാശപ്പെട്ടിരുന്നത്.

പോലീസ് ഉദ്യോഗസ്ഥന്‍ കൈയില്‍ തോക്കുമായി നില്‍ക്കുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതുസംബന്ധിച്ച്‌ വിശദമായ അന്വേഷണം നടത്തിയെന്നും മഥുര റോജില്‍ നിന്ന് പകര്‍ത്തിയ വീഡിയോയാണിതെന്നും ഡല്‍ഹി പോലീസ് സ്ഥിരീകരിച്ചു.പോലീസ് ഉദ്യോഗസ്ഥന്‍ ആത്മരക്ഷാര്‍ഥം ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ല

ഡിസംബര്‍ പതിനഞ്ചിനുണ്ടായ പ്രതിഷേധം പോലീസും വിദ്യാര്‍ഥികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചതോടെ നിരവധി വിദ്യാര്‍ഥികള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു. പ്രക്ഷോഭത്തില്‍ സ്വകാര്യ വാഹനങ്ങളുള്‍പ്പടെ നിരവധി വാഹങ്ങള്‍ അഗ്നിക്കിരയായിരുന്നു. പോലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലേറ് നടത്തിയതോടെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചിരുന്നു.

പ്രതിഷേധത്തെ തുടര്‍ന്ന് ഡിസംബര്‍ പതിനാറിന് അടച്ച ജാമിയ മിലിയ സര്‍വകലാശാല ജനുവരി ആറിന് തുറക്കും.