ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പ് ഇന്ന് മുതല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യും. ഇത്തവണയും അവതാരകനായിട്ടെത്തുന്നത് മോഹന്‍ലാല്‍ തന്നെയാണ്. ആദ്യ സീസണ്‍ വലിയ വിജയമായിരുന്നു. ആദ്യ സീസണില്‍ സാബു മോന്‍ ആയിരുന്നു വിജയി. പേര്‍ളി ശ്രീനി പ്രണയവും അവരുടെ വിവാഹത്തില്‍ എത്താന്‍ വരെ ബിഗ് ബോസ് ആദ്യ ഭാഗം കാരണമായി.

കഴിഞ്ഞ തവണത്തേതിനെക്കാളും പ്രേക്ഷകരെ ത്രസിപ്പിക്കാന്‍ പാകത്തിനുള്ള മത്സരാര്‍ഥികള്‍ ആയിരിക്കും ഇത്തവണ ഉണ്ടാവുക. അത്തരത്തില്‍ മത്സരാര്‍ഥികളായി എത്താന്‍ സാധ്യതയുള്ള ചിലരുടെ പേര് വിവരങ്ങള്‍നേരത്തെ പുറത്തുവന്നിരുന്നു. ഗായികയും അവതാരകയുമായ റിമി ടോമിയും പങ്കെടുക്കുന്നുണ്ടെന്ന അനൗദ്യോഗിക വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. നൂറിന്‍ ഷെരീഫ്,രചന നാരായണന്‍കുട്ടി, ഗായിക അമൃത സുരേഷ്, ടിക് ടോക് താരം ഫുക്രു തുടങ്ങിയ പേരുകളാണ് പുറത്ത് വരുന്നത്.

ചെന്നൈ ഇ വി പി ഫിലിം സിറ്റിയിലാണ് ഇത്തവണ മലയാളം ബിഗ് ബോസിനായുള്ള സെറ്റ് ഒരുക്കിയിരിക്കുന്നത്. . കഴിഞ്ഞ വര്‍ഷം 44 കോടി രൂപയായിരുന്നു ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ബഡ്ജറ്റ്. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളുടെ ബജറ്റിനും എത്രയോ മേലെയാണ് ഈ തുക. ഇത്തവണ പുതിയ രൂപത്തിലും ഭാവത്തിലും കുറച്ചുകൂടി ആര്‍ഭാടമായി തന്നെ ബിഗ് ബോസ് പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

നൂറു ദിവസം നീണ്ടുനിന്ന ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ കഴിഞ്ഞ വര്‍ഷം മോഹന്‍ലാല്‍ പ്രതിഫലമായി കൈപ്പറ്റിയത് 12 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്. 10 മുതല്‍ 50 ലക്ഷം രൂപയായിരുന്നു പരിപാടിയില്‍ പങ്കെടുത്ത മത്സരാര്‍ത്ഥികളുടെ പ്രതിഫലമെന്നും അറിയുവാന്‍ കഴിയുന്നു.
എട്ടു കോടിയോളം രൂപ മുതല്‍മുടക്കിലാണ് കഴിഞ്ഞ തവണ സെറ്റ് തന്നെ ഒരുക്കിയിരുന്നത്. ആധുനിക സജ്ജീകരണങ്ങളും 60 റോബോട്ടിക് ക്യാമറകളുമാണ് ബിഗ് ബോസ് ഹൗസില്‍ ഒരുക്കിയിരിക്കുന്നത്.