ദില്ലി: എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് നേരെ കയ്യേറ്റവും ഭീഷണിയുമായി യാത്രക്കാര്‍. ദില്ലിയില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 747 വിമാനത്തിലാണ് യാത്രക്കാരുടെ കയ്യേറ്റമുണ്ടായത്.

ടെക്നിക്കല്‍ പ്രശ്നം കാരണം വിമാനം വൈകിയതാണ് യാത്രക്കാരെ ചൊടിപ്പിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ജീവനക്കാരിലൊരാളെ കയ്യേറ്റം ചെയ്യുകയും കോക്പിറ്റ് തള്ളിത്തുറക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘എ1865 വിമാനത്തിന് വ്യാഴാഴ്ച ടെക്നിക്കല്‍ കാരണങ്ങളാല്‍ യാത്ര വൈകിയിരുന്നു. ഇതോടെ യാത്രക്കാര്‍ കോക്‍പിറ്റിന്‍റെ വാതിലില്‍ മുട്ടുകയും പൈലറ്റിനോട് പുറത്തുവരാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു ‘ – അധികൃതര്‍ ന്യൂസ് ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

പൈലറ്റ് പുറത്തുവന്നില്ലെങ്കില്‍ കോക്പിറ്റിന്‍റെ വാതില്‍ തള്ളിത്തുറക്കുമെന്ന് ഒരു യാത്രക്കാരന്‍ പറഞ്ഞു. രംഗം കൂടുതല്‍ വഷളായെന്നും ഔദ്യോഗിക വിശദീകരണത്തില്‍ പറയുന്നു.