തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതി വിഷയത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കുമെതിരേ നിരന്തരം വെല്ലുവിളി നടത്തിയിട്ടും ഒരക്ഷരം പോലും പ്രതികരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ 11 ബി.ജെ.പിയിതര മുഖ്യമന്ത്രിമാര്‍ക്ക് ഇതേ വിഷയത്തില്‍ കത്തെഴുതിയത് വിരോധാഭാസമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശീതികരിക്കപ്പെട്ട മുറിയിലിരുന്ന് കത്തെഴുതുന്ന പിണറായിക്ക് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ആദ്യം തെളിയിക്കേണ്ടത് സംസ്ഥാനത്താണെന്ന് മുല്ലപ്പള്ളി പറഞ്ഞു.

പൗരത്വനിയമ ഭേദഗതിക്കെതിരെ വിലക്കുകളെല്ലാം മറികടന്ന് തെരുവിലിറങ്ങി പ്രതിഷേധിച്ച കോണ്‍ഗ്രസ്, കോണ്‍ഗ്രസിതര മുഖ്യമന്ത്രിമാര്‍ക്കാണ് പിണറായി കത്തയച്ചത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ ഒരു ഗവര്‍ണറും രാഷ്ട്രീയം കളിച്ചിട്ടില്ല. അതിനെതിരെ ശക്തമായി പ്രതികരിക്കേണ്ട മുഖ്യമന്ത്രി കേന്ദ്ര നയങ്ങള്‍ കണ്ണുംപൂട്ടി നടപ്പാക്കുന്നതില്‍ വ്യാപൃതനാണ്. പൗരത്വ നിയമഭേദഗതിക്കെതിരേ സമരം നടത്തിയ കോണ്‍ഗ്രസ് നേതാക്കളെയടക്കം നിരവധി പേരെ ജാമ്യമില്ലാക്കുറ്റം ചുമത്തി ജയിലിലടച്ചെന്നും അദ്ദേഹം ആരോപിച്ചു.