സിഡ്‌നി: ഓസ്‌ട്രേലിയയില്‍ സര്‍വ്വവും സംഹരിച്ച്‌ കാട്ടുതീ നാലുമാസം പിന്നിട്ടിട്ടും അനിയന്ത്രിതമായി തുടരുന്നു. കാട്ടുതീയില്‍ അകപ്പെട്ട് ഇതിനോടകം 50കോടിയിലധികം മൃഗങ്ങളാണ് ചത്തൊടുങ്ങിയത്. സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞര്രുടെ കണക്കുകൂട്ടലനുസരിച്ച്‌ കങ്കാരുക്കളും കോലകളും അടക്കമുള്ള ജീവികളും കൂടാതെ പക്ഷികളും ഉരഗങ്ങളുമടക്കം 48 കോടിയോളം സസ്തനികള്‍ ചത്തൊടുങ്ങിയിട്ടുണ്ട്. 17 പേരാണ് കാട്ടുതീയില്‍ ഇതുവരെ മരിച്ചത്. നിരവധി പേരെ കാണാതായി. 1200 വീടുകള്‍ പൂര്‍ണമായും കത്തിനശിച്ചു. മൃഗങ്ങളുടെ നാശവുമായി ബന്ധപ്പെട്ട് ഏകദേശ കണക്കുകളാണ് പുറത്ത് വരുന്നത്. പലഭാഗത്തും കുടുങ്ങിക്കിടന്ന 4000 പേരെ ഓസ്‌ട്രേലിയന്‍ സൈന്യം രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഓസ്ട്രേലിയയില്‍ ആറ് സംസ്ഥാനങ്ങളിലായി ഏകദേശം 150 ലക്ഷം ഏക്കര്‍ സ്ഥലത്ത് കാട്ടുതീ മൂലമുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് കണക്ക്.സ്ഥിതിഗതികള്‍ രൂക്ഷമായ സാഹചര്യത്തില്‍ ന്യൂ സൗത്ത് വെയില്‍സില്‍ അടിയന്തരാവസ്ഥ അഥവാ സ്റ്റേറ്റ് ഓഫ് എമര്‍ജന്‍സിയും വിക്ടോറിയയില്‍ ഇതിന് സമാനമായ സ്റ്റേറ്റ് ഓഫ് ഡിസാസ്റ്ററുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.