കൊച്ചി: മരട് ഫ്ലാറ്റുകള്‍ നിശ്ചയിച്ച പ്രകാരം തന്നെ പൊളിക്കാന്‍ സബ് കലക്ടറും കമ്മിഷണറും പങ്കെടുത്ത യോഗത്തില്‍ ധാരണയായി. ഇതനുസരിച്ച്‌ ഈ മാസം 11ന് എച്ച്‌ ടു ഒ, ആല്‍ഫ സെറിന്‍ എന്നിവയും 12ന് ജെയ്ന്‍, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ലാറ്റുകള്‍ പൊളിക്കും. രാത്രി കളക്ടര്‍ വിളിച്ച യോഗത്തിന് ശേഷമായിരിക്കും ഇതു സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം നടത്തുക.

ജനവാസം കുറഞ്ഞ ഫ്ലാറ്റ് സമുച്ചയമായിരിക്കും ആദ്യം പൊളിക്കുക, ജനസാന്ദ്രത ഏറിയ ആല്‍ഫ സെറീന്‍ ഫ്ലാറ്റുകള്‍ പൊളിക്കുന്നത് രണ്ടാം ദിവസത്തേക്ക് മാറ്റുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രദേശവാസികള്‍ ഏറെനാളായി ഉന്നയിച്ചിരുന്നു. ഐജി വിജയ് സാക്കറെ ഇന്ന് ഉച്ചക്ക് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഒരുകാരണവശാലും നിശ്ചയിച്ചിരുന്ന ഷെഡ്യൂള്‍ മാറ്റേണ്ടതില്ലെന്ന അഭിപ്രായം ഉയര്‍ന്നത്.

സ്ഫോടന സമയത്ത് 5 ഫ്ളാറ്റുകളുടെയും സമീപത്തു നിന്നായി 290 കുടുംബങ്ങളെ ഒഴിപ്പിക്കും.സ്ഫോടനത്തിന് 3 മണിക്കൂര്‍ മുന്‍പ് ആളുകള്‍ ഒഴിയണം.സ്ഫോടന സമയത്ത് മാത്രം ഗതാഗത നിയന്ത്രണവും വൈദ്യുതി നിയന്ത്രണവും ഉണ്ടായിരിക്കും.