ആലപ്പുഴ: തോമസ്‌ ചാണ്ടി എംഎല്‍എ യുടെ നിര്യാണത്തോടെ ഒഴിവുവന്ന കുട്ടനാട് നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനായി സ്ഥാനാര്‍ഥിയെ നിശ്ചയിച്ച്‌ ജോസ് കെ മാണി വിഭാഗം.

പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗവും ചമ്ബക്കുളം ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ ബിനു ഐസക്കിനെ മത്സരിപ്പിക്കാനാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ തീരുമാനം. ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് തങ്ങള്‍ക്കു തന്നെയാണെന്ന് യുഡിഎഫ് നേതൃത്വം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് ജോസ് കെ മാണി ഗ്രൂപ്പ് അവകാശപ്പെടുന്നത്.

എന്നാല്‍, സീറ്റിനെ ചൊല്ലി ജോസ് കെ മാണി ഗ്രൂപ്പും ജോസഫ് ഗ്രൂപ്പും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. സ്ഥാനാര്‍ഥിത്വം വിട്ടുകൊടുക്കില്ല എന്നാ തീരുമാനത്തില്‍ തന്നെയാണ് ജോസഫ് ഗ്രൂപ്പ്. ജോസ് കെ മാണി പക്ഷം സ്ഥാനാര്‍ഥിയെ നിശ്ചയിച്ചുവെങ്കിലും വിട്ടുകൊടുക്കാന്‍ തയ്യാറാവാതെയാണ് ജോസഫ് ഗ്രൂപ്പിന്‍റെ നിലപാട്.

കഴിഞ്ഞ തവണ മത്സരിച്ച സീറ്റെന്ന നിലയില്‍ കുട്ടനാട് തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന വാദമാണ് പിജെ ജോസഫ് വിഭാഗം മുന്നോട്ടു വയ്ക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമിനെ തന്നെ ഇത്തവണയും കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് പിജെ ജോസഫ് പക്ഷത്തിന്‍റെ നീക്കം. എന്നാല്‍, ഈ നീക്കത്തെ തടയാനാണ് ജോസ് കെ മാണി വിഭാഗം ആദ്യമേ തന്നെ തങ്ങളുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.

എന്നാല്‍, ജേക്കബ് എബ്രഹാ൦ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥിയാണെന്നും അംഗീകരിക്കില്ല എന്നും ജോസ് പക്ഷം വ്യക്തമാക്കി.

എന്നാല്‍, ഉപ തിരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നവും വലിയ വിഷയമാണ്. കഴിഞ്ഞ പാലാ ഉപതിരഞ്ഞെടുപ്പില്‍ ചിഹ്നം സംബന്ധിച്ച്‌ തര്‍ക്കം നിലനിന്നിരുന്നതിനാല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടായിരുന്നു ജോസ് ടോം പള്ളിക്കുന്നേല്‍ മത്സരിച്ചത്.

എന്നാല്‍, തങ്ങളുടെ അംഗീകാരം ലഭിക്കുന്ന സ്ഥാനാര്‍ത്ഥിയ്ക്ക് മാത്രമേ കേരള കോണ്‍ഗ്രസിന്‍റെ രണ്ടില ചിഹ്നം ലഭിക്കുകയുള്ളു എന്നതാണ് ജോസഫ് വിഭാഗത്തിന്‍റെ പ്രധാന അവകാശവാദം.

അതേസമയം, സീറ്റിന്‍റെ പേരില്‍ പരസ്യപ്രഖ്യാപനങ്ങളോ അവകാശവാദങ്ങളോ പാടില്ലെന്ന് യുഡിഎഫ് നേതൃത്വം ഇരുവിഭാഗങ്ങള്‍ക്കും ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് എങ്കിലും പാലാ തിരഞ്ഞെടുപ്പ് ആവര്‍ത്തിക്കുന്ന രീതിയിലാണ്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌…