തിരുവനന്തപുരം: മന്ത്രിസ്ഥാനത്തിനായുള്ള മാണി സി. കാപ്പന്‍ എംഎല്‍എയുടെ ശ്രമങ്ങള്‍ക്കിടെ എന്‍സിപിയില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങള്‍. മന്ത്രി എ.കെ ശശീന്ദ്രന്‍ മുംബൈയിലെത്തി ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. ശശീന്ദ്രനെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കാന്‍ കാപ്പന്‍ വിഭാഗം ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് ശശീന്ദ്രന്റെ നീക്കം.

നേതാക്കളുടെ തീരുമാനമറിയാന്‍ പ്രഫുല്‍ പട്ടേലിനെ കേരളത്തിലേക്ക് അയയ്ക്കും. ഫെബ്രുവരിയോടെ മന്ത്രിയെ നീക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയുടെ മരണത്തോടെയാണ് എന്‍സിപിയില്‍ ചരടുവലികള്‍ സജീവമായത്. എ.കെ ശശീന്ദ്രന് പകരം മാണി സികാപ്പന്‍ മന്ത്രിസഭയിലേക്ക് എത്തണമെന്നാണ് മാണി സി. കാപ്പനെ അനുകൂലിക്കുന്ന പക്ഷത്തിന്റെ ആവശ്യം.

മാണി സി. കാപ്പന്‍ കഴിഞ്ഞ ആഴ്ച ശരദ് പവാറുമായി കുടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കും എന്നും മാണി സി കാപ്പന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മകന്റെ വിവാഹത്തിന് ക്ഷണിക്കാനാണ് ശരദ് പവാറിനെ കണ്ടതെന്നാണ് എ.കെ ശശീന്ദ്രന്റെ പ്രതികരണം. തോമസ് ചാണ്ടിയുടെ മരണത്തോടെ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനവും ഒഴിഞ്ഞു കിടക്കുകയാണ്.