പൂച്ചാക്കല്‍: യമനില്‍ 557 ദിവസം ഭീകരരുടെ തടങ്കലിലായിരുന്നപ്പോള്‍ ആത്മീയമോ മാനസികമോ ശാരീരികമോ ആയ പരുക്കുകള്‍കൂടാതെ തന്നെ മുന്നോട്ട് നയിക്കാന്‍ സഹായിച്ചത് പ്രാര്‍ത്ഥനയാണെന്ന് ഫാ. ടോം ഉഴുന്നാലില്‍ പറഞ്ഞു . തീര്‍ത്ഥാടനകേന്ദ്രമായ അരൂക്കുറ്റി പാദുവാപുരം സെയ്‌ന്റ് ആന്റണീസ് പള്ളിയില്‍ പ്രേഷിതവര്‍ഷത്തിനെക്കുറിച്ച്‌ ആത്മീയപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

‘ശത്രുപക്ഷത്തെന്ന് പറയുന്നവരോടുപോലും ക്ഷമിക്കാനുള്ള സന്നദ്ധത ഉണ്ടായിരിക്കണം . എല്ലാ വശങ്ങളും അറിയാതെ വസ്തുതകള്‍ സംബന്ധിച്ച്‌ അന്തിമ നിഗമനങ്ങളിലെത്തുന്നതിന്റെ പൊള്ളത്തരവും ഭവിഷ്യത്തും തിരിച്ചറിയുകയും വേണം. ഏകപക്ഷീയ വിവരങ്ങളും ഊഹങ്ങളും മാധ്യമങ്ങളെ മാത്രമല്ല, ബന്ദികളായവരെപ്പോലും യാഥാര്‍ഥ്യത്തില്‍നിന്ന് പലപ്പോഴും വഴിതെറ്റിച്ചു’- ഫാ. ടോം ഉഴുന്നാലില്‍ വ്യക്തമാക്കി .

‘ജനാഭിപ്രായം സ്വരൂപിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന മാധ്യമങ്ങള്‍ ഒരിക്കലും ഇരുവശവും കേള്‍ക്കാതെ പ്രവര്‍ത്തിക്കരുത്. ഓരോരുത്തര്‍ക്കും ആത്യന്തിക നന്മ പ്രദാനംചെയ്യുകയെന്നതാണ് ദൈവികപദ്ധതിയെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു .