ന്യൂഡല്‍ഹി: കേരളത്തില്‍ പിറവിയെടുത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ വ്യാപിച്ച പോപ്പുലര്‍ ഫ്രണ്ടിന് (പി.എഫ്.ഐ.)വിവിധ സംസ്ഥാനങ്ങളില്‍ അടുത്തിടെയുണ്ടായ കലാപങ്ങളുമായി ബന്ധമുണ്ടെന്ന്‌ കേന്ദ്രസര്‍ക്കാര്‍. പൗരത്വനിയമഭേദഗതി പ്രക്ഷോഭങ്ങളുടെ മറവില്‍ ഉത്തര്‍പ്രദേശ്, അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടന്ന കലാപങ്ങള്‍ക്കുപിന്നില്‍ പി.എഫ്.ഐ.യുടെ പങ്ക് സ്ഥിരീകരിച്ചതായി കേന്ദ്ര ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് അയച്ചപ്പോള്‍, സംഘടനയുടെ പങ്ക്‌ വ്യക്തമാക്കുന്ന വിശദമായ റിപ്പോര്‍ട്ടാണ് അസംസര്‍ക്കാര്‍ കേന്ദ്രത്തിന്‌ സമര്‍പ്പിച്ചത്. ഗുവാഹാട്ടിയില്‍ ഡിസംബര്‍ 11-നുണ്ടായ കലാപത്തിന്റെ വിശദാംശമാണ് അസം സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിലുള്ളത്.

ഡിസംബറില്‍മാത്രം യു.പി. സര്‍ക്കാര്‍ 14 പി.എഫ്.ഐ. നേതാക്കളെ വിവിധസ്ഥലത്തെ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയും പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കുവ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കേന്ദ്രത്തിന്‌ സമര്‍പ്പിച്ചിട്ടുണ്ട്. പി.എഫ്.ഐ.ക്ക് ഭീകരപ്രവര്‍ത്തനവുമായും ഭീകരവാദ ക്യാമ്ബുകളുമായും സ്ഫോടകവസ്തു നിര്‍മാണവുമായും ബന്ധമുണ്ടെന്നാണ് എന്‍.ഐ.എ. റിപ്പോര്‍ട്ട്.

അതുകൊണ്ടുതന്നെ യു.എ.പി.എ. പ്രകാരം ഈ സംഘടനയെ നിരോധിക്കാവുന്നതാണെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. എന്നാല്‍, എന്തെങ്കിലും കുറ്റകൃത്യം ഈ സംഘടനയുടെ നേതൃത്വത്തില്‍ നടന്നുവെന്ന്‌ സ്ഥിരീകരിക്കുന്നതുവരെ ഔദ്യോഗികമായി ഈ സംഘടനയ്ക്കെതിരേ പറയാനാകില്ലെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

എന്‍.ഐ.എ. നല്‍കിയ റിപ്പോര്‍ട്ടില്‍ 2010-ല്‍ മൂവാറ്റുപുഴയില്‍നടന്ന കൈവെട്ടുകേസിനെയാണ് പരാമര്‍ശിച്ചിട്ടുള്ളത്. ആയുധവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കണ്ണൂരിലെ പരിശീലനക്യാമ്ബില്‍നിന്ന് ആയുധങ്ങളും മറ്റും പിടികൂടിയതിനെക്കുറിച്ചുമാണ്. ബെംഗളൂരുവില്‍ ആര്‍.എസ്.എസ്. നേതാവ് രുദ്രേഷ് കൊല്ലപ്പെട്ട കേസ്, ദക്ഷിണേന്ത്യയില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് അല്‍ ഹിന്ദുമായി ചേര്‍ന്ന് ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടതിനെക്കുറിച്ചും എന്‍.ഐ.എ. ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.