ഉദുമ:ബേക്കല്‍ ജംഗ്ഷനില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേന്ദ്ര ഇന്റലിജന്‍സ് ഇന്‍സ്‌പെകടറുടെ മരണകാരണം ഹൃദയാഘാതംമൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപോര്‍ട്ട്. ആലപ്പുഴ കായംകുളം ഗോവിന്ദ മുട്ടം പോസ്റ്റാഫീസ് പരിധിയിലെ റിജോ ആഗ്‌നേയല്‍ ഫ്രാന്‍സിസിനെ (36)യാണ് വ്യാഴാഴ്ച രാത്രി 11.40 മണിയോടെ ബേക്കല്‍ ജംഗ്ഷനില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്.

കാര്‍ സ്റ്റാര്‍ട്ട് ചെയ്ത നിലയില്‍ തന്നെയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബേക്കല്‍ പോലീസ് റിജോയെ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കാഞ്ഞങ്ങാട് ഭാഗത്തു നിന്നും കാസര്‍കോട്ടേക്ക് പോകുന്ന സ്ഥിതിയില്‍ ഇന്‍ഡിക്കേറ്റര്‍ ഇട്ട് നിര്‍ത്തിയ നിലയിലായിരുന്നു കാറെന്ന് നാട്ടുകാര്‍ പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് മരണകാരണം വ്യക്തമായിരിക്കുന്നത്. മൃതദേഹം സ്വദേശമായ ആലപ്പുഴയിലേക്ക് കൊണ്ടുപോയി.

എല്‍ ജെ ഫ്രാന്‍സിസ്- ലൈല റാണി കൊച്ചുറാണി ദമ്ബതികളുടെ മകനാണ്. ഭാര്യ: ആര്‍ ലക്ഷ്മി. മകള്‍: നികിത റിജോ (കാസര്‍കോട് കേന്ദ്രീയ വിദ്യാലയ വിദ്യാര്‍ത്ഥിനി). സഹോദരി: റിജ ആന്‍ മേരി.