വാഷിങ്​ടണ്‍: അമേരിക്കന്‍ വിമാന കമ്ബനികള്‍ പാകിസ്​താന്‍ വ്യോമപാത ഉപയോഗിക്കരുതെന്ന​ നിര്‍ദേശവുമായി യു.എസ്​ ഫെഡറല്‍ ഏവിയേഷന്‍ അഡ്​മിനിസ്​ട്രേഷന്‍. ​തീവ്രവാദ ഭീഷണിയുള്ളതിനാല്‍ യു.എസ്​ വിമാനങ്ങള്‍ പാക് വ്യോമപാതയിലൂടെ പറക്കരുതെന്നാണ്​ നിര്‍ദേശം.

പാകിസ്താന്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ യു.എസ് വിമാനങ്ങളെ ലക്ഷ്യം വെച്ചേക്കാമെന്ന്​ യു.എസ്​ ഫെഡറല്‍ ഏവിയേഷന്‍ അഡ്​മിനിസ്​ട്രേഷന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. വിഷയത്തില്‍ യു.എസ്​ വിമാന കമ്ബനികള്‍ക്കും യു.എസ്​ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൈലറ്റ്​ മാര്‍ക്കും എഫ്​.എ.എ നോട്ടീസ്​ അയച്ചിട്ടുണ്ട്​.

പാകിസ്താനിലെ ഭീകരരുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ്​ നടത്തുന്ന വിമാനങ്ങളും യു.എസ്​ സ്​റ്റേറ്റ്​ വിമാനങ്ങളും പാക് വ്യോമാതിര്‍ത്തി ഒഴിവാക്കി യാത്ര ചെയ്യണമെന്നാണ്​ നിര്‍ദേശം. പാക് വ്യോമാതിര്‍ത്തി വഴി സഞ്ചരിക്കുമ്ബോള്‍ ജാഗ്രത പുലര്‍ത്താനും നിര്‍ദേശിച്ചിട്ടുണ്ട്.

യു.എസ്​ വിമാനങ്ങള്‍ ലക്ഷ്യമിട്ട്​ പാക്​ വിമാനത്താവളങ്ങളില്‍ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ട്​. വിമാനം താഴ്​ന്നു പറക്കുന്ന അവസ്ഥയിലോ, വിമാനം ഇറക്കു​കയോ പറന്നുയരു​കയോ ചെയ്യുന്ന ഘട്ടത്തിലോ ആക്രമണ സാധ്യതയുണ്ടെന്നും നോട്ടീസില്‍ പറയുന്നു.

പാകിസ്​താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരര്‍ യു.എസ്​ വിമാനങ്ങളെ ലക്ഷ്യം വെച്ച്‌​ ചെറു വ്യോമ ആയുധങ്ങള്‍ ഉപയോഗിച്ചോ, ആന്‍റി എയര്‍ക്രാഫ്​റ്റ്​ ഫയര്‍ തുടങ്ങിയ വ്യോമആയുധങ്ങള്‍ ഉപയോഗിച്ചോ ആക്രമണം നടത്തിയേക്കാമെന്നും നോട്ടീസില്‍ സൂചിപ്പിക്കുന്നു. പാകിസ്​താനില്‍ നിന്ന്​ ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ ഭീഷണിയോ വീഴ്​ചകളോ ​പൈലറ്റുമാര്‍ റിപ്പോര്‍ട്ട്​ ചെയ്യണമെന്നും നിര്‍ദേശമുണ്ട്​.