തിരുവനന്തപുരം: ഉദ്ഘാടനച്ചടങ്ങില്‍ നിലവിളക്ക് കൊളുത്തുന്നതിനിടെ സദസ്യരോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടതിനു അവതാരകയെ ശാസിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍െ നടപടിയെ വിമര്‍ശിച്ചും മുന്‍ അവഹേളനങ്ങള്‍ തുറന്നുപറഞ്ഞും മറ്റൊരു അവതാരക. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച്‌ നടന്ന കേരള റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ഉദ്ഘാടന വേളയിലായിരുന്നു കഴിഞ്ഞ ദിവസം വിവാദ സംഭവമുണ്ടായത്.

നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യാന്‍ വിശിഷ്ടാതിഥിയെ ക്ഷണിച്ച അവതാരക സദസിനോട് എഴുന്നേറ്റ് നില്‍ക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഈ അഭ്യര്‍ത്ഥന കേട്ടതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്. വിളക്ക് കൊളുത്തുന്നതിനായി എഴുന്നേറ്റ അദ്ദേഹം പിന്നിലേക്ക് തിരിഞ്ഞ് അവതാരകയോട് ‘അനാവശ്യ അനൗണ്‍സ്‌മെന്റ് ഒന്നും വേണ്ട എന്ന് ആക്രോശിച്ചു.’ ഇതോടെ അവതാരകയുടെ അഭ്യര്‍ത്ഥന മാനിച്ച്‌ എഴുന്നേറ്റു നില്‍ക്കാന്‍ തുടങ്ങിയ സദസ്യര്‍ ആകെ കുഴങ്ങി. ഇരിക്കണോ എഴുന്നേല്‍ക്കണോ എന്ന സന്ദേഹത്തില്‍ നിന്ന സദസ്സിനോട് മുഖ്യമന്ത്രി ഇരിക്കാന്‍ കൈ കൊണ്ട് ആംഗ്യം കാട്ടി. തുടര്‍ന്നാണ് ഉദ്ഘാടനം നടന്നത്.

ഈ സംഭവം വാര്‍ത്ത ആയതോടെയാണു സനിത മനോഹര്‍ എന്ന അവതാരക മുന്‍ അനുഭവങ്ങള്‍ വിവരിച്ച്‌ വിശദമായ കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. താനുള്‍പ്പെടെ മൂന്നാമത്തെ സ്ത്രീയാണ് പൊതുവേദിയില്‍ അപമാനിക്കപ്പെടുന്നതെന്ന് സനിത. അടിയാന്‍മാരോട് ജന്മിമാര്‍ പെരുമാറുന്ന മനോഭാവമാണ് പിണറായി പ്രകടിപ്പിക്കുന്നതെന്നും സനിത.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം- മുഖ്യമന്ത്രിയോടാണ് , വേദിയില്‍ ഇരിക്കാന്‍ അവസരം കിട്ടുന്ന വിശിഷ്ട വ്യക്തികളോടാണ് , സംഘാടകരോടാണ് . ഒരു പരിപാടി ആദ്യം തൊട്ട് അവസാനം വരെ ഭംഗിയായി കൊണ്ടുപോവേണ്ട ഉത്തരവാദിത്വം തീര്‍ച്ചയായും അവതാരകയ്ക്കുണ്ട് . എന്ന് കരുതി അവതാരക ഒരു അവതാരമല്ല മനുഷ്യനാണ് . തെറ്റുകള്‍ സംഭവിക്കാം . തെറ്റുകള്‍ തിരുത്തി കൊടുക്കേണ്ടത് അവരുടെ അഭിമാനത്തെ മുറിപ്പെടുത്തി ഇനിയൊരിക്കലും വേദിയില്‍ കയറാന്‍ തോന്നാത്ത വിധം തളര്‍ത്തിയിട്ടല്ല .

ഞാനും ഒരു അവതാരകയാണ് . ആവാന്‍ ആഗ്രഹിച്ചതല്ല ആയി പ്പോയതാണ് .എന്നാല്‍ മികച്ച അവതാരകയല്ല താനും . എന്റേതായ പരിമിതികള്‍ നന്നായറിയാം . രഞ്ജിനിയെ പോലെ സദസ്സിനെ ഇളക്കി മറിക്കാനൊന്നും എനിക്കാവില്ല . ദൂരദര്‍ശന്‍ അവതാരകരുടെ രീതിയാണ് . മലയാളമേ പറയൂ . അതെ വൃത്തിയായി പറയാനറിയൂ അത് കൊണ്ടാണ് . ചെറിയ തെറ്റുകള്‍ പറ്റിയിട്ടുണ്ട് . സദസ്സിനെ നോക്കി നന്നായൊന്നു ചിരിച്ചു ക്ഷമ പറയും തിരുത്തും . എല്ലാ പരിപാടികളും ചെയാറില്ല . എന്റെ നിലപാടുകള്‍ക്ക്, രീതികള്‍ക്ക് യോജിച്ചതെ ചെയ്യാറുള്ളൂ . അതുകൊണ്ടു തന്നെ സഘാടകരോട് ആദ്യമേ എല്ലാം പറയും. എല്ലാം കേട്ടിട്ടും എന്നെ വിളിക്കുകയാണെങ്കില്‍ ചെയ്യും . സംഘാടകരുടെ നിര്‍ദ്ദേശങ്ങള്‍ കേട്ട് എന്റേതായ രീതിയില്‍ സ്‌ക്രിപ്റ്റ് തയ്യാറാക്കും . വേദിയില്‍ എത്തിയാല്‍ ആവശ്യമില്ലാത്ത ഇടപെടലുകള്‍ക്ക് അനുവദിക്കാറില്ല . അങ്ങോട്ട് അവസരം ചോദിച്ചു പോവാറുമില്ല. ഇതൊന്നും പക്ഷെ പലര്‍ക്കും സാധിക്കാറില്ല . അവസരങ്ങള്‍ നഷ്ട്ടപെട്ടാലോ എന്ന് കരുതി ആരും ഒന്നും പറയുകയുമില്ല . എനിയ്ക്കു അവതരണം ഒരു രസം മാത്രമാണ് . ചിലര്‍ക്ക് പക്ഷെ അത് ഭക്ഷണം കൂടിയാണ് .അവരെ കുറ്റം പറയാനാവില്ല. പലപ്പോഴും സ്‌ക്രിപ്റ്റ് വേദിയില്‍ വച്ച്‌ ആ സമയത്ത് ആവും നല്‍കുക . അതില്‍ത്തന്നെ പരിപാടി നടന്നുകൊണ്ടിരിക്കുമ്ബോള്‍ തിരുത്തലുകള്‍ വരും . അതിനൊക്കെ പുറമെ സംഘാടകരില്‍ ചിലരുടെ ശൃംഗാരവും ഉണ്ടാവും . പല അവതാകാരകരും ഇതൊക്കെ സങ്കടത്തോടെ പറയാറുണ്ട് . ചിലപ്പോള്‍ കാശും നല്‍കില്ല . ലക്ഷങ്ങള്‍ ചിലവാക്കി നടത്തുന്ന പരിപാടിയായാലും അവതാരകര്‍ക്കു കാശ് കൊടുക്കാന്‍ പലര്‍ക്കും മടിയാണ് . സംഘാടകരുടെ പിടിപ്പു കേടിനു പലപ്പോഴും പഴി കേള്‍ക്കേണ്ടി വരുന്നത് വേദിയിലെ അവതാരകയ്ക്കാണ് . അവതാരക മോശമായെന്നെ പറയൂ .പിന്നാമ്ബുറ കഥകള്‍ കാണികള്‍ക്കറിയില്ലല്ലോ . മൂന്ന് നാല് മണിക്കൂര്‍ പരിപാടിയെ നയിക്കുന്ന അവതാരകയുടെ സമയത്തിനോ അഭിമാനത്തിനോ യാതൊരു വിലയും കൊടുക്കാത്ത ഊളകളാവും സംഘാടകരില്‍ പലരും .

ഈ അടുത്ത് കോഴിക്കോട് ടൌണ്‍ ഹാളില്‍ മേയറും കലക്ടറും ഒക്കെ പങ്കെടുത്ത ഒരു പരിപാടിയില്‍ അധ്യക്ഷനെ വിളിക്കാതെ അവതാരക ഉദ്ഘാടകനെ വിളിച്ചുപോയി . മേയര്‍ രൂക്ഷമായി അവതാരകയെ നോക്കി എന്തോ പറഞ്ഞു . കലക്ടറും നോക്കി പരിഹസിക്കുന്നുണ്ടായിരുന്നു. അടുത്തത് അധ്യക്ഷനെ വിളിച്ചു.എം കെ മുനീര്‍ ആയിരുന്നു അധ്യക്ഷന്‍ .അദ്ദേഹം എഴുന്നേറ്റു വന്നു ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു അധ്യക്ഷ പ്രസംഗത്തിന് മുന്നേ ഒരു ആമുഖ പ്രസംഗമുണ്ട് എന്ന് . അതിന്നായി അദ്ദേഹം ആ വ്യക്തിയെ സ്‌നേഹപൂര്‍വ്വം വിളിച്ചുകൊണ്ടു അവതാരകയെ നോക്കി ഒന്ന് ചിരിച്ചു . അപ്പോഴും പക്ഷെ മേയറും കലക്ടറും അവതാരകയെ കുറ്റപ്പെടുത്തി നോക്കുന്നുണ്ടായിരുന്നു . അവതാരകയ്ക്കു മാറിപ്പോയതാണെന്നു മനസ്സിലാക്കി ആ സാഹചര്യത്തെ നന്നായി കൈകാര്യം ചെയ്ത മുനീറിനോട് ബഹുമാനം തോന്നി. നന്നായി ചെയ്യുന്ന അവതാരകയായിട്ടും എന്ത് പറ്റിയെന്നു അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് സംഘാടകര്‍ സ്‌ക്രിപ്റ്റ് ഒന്നും കൊടുത്തില്ല . കുറഞ്ഞ സമയം കൊണ്ട് അവിടെ ഇരുന്നു അവള്‍ തന്നെ തയ്യാറാക്കിയതാണ് . ഭ്രമതയില്‍ ആദ്യം തെറ്റിയപ്പോള്‍ മേയറുടെ നോട്ടത്തില്‍ മനസ്സ് ഉലയുകയും പിന്നെയും തെറ്റുകയുമാണുണ്ടായത് . മേയര്‍ നോക്കേണ്ടത് അവളെ ആയിരുന്നില്ല സംഘാടകരെ ആയിരുന്നു .

ഞാനുള്‍പ്പെടെ മൂന്നാമത്തെ തവണയാണ് മുഖ്യ മന്ത്രി അവതാരകരെ അതും സ്ത്രീകളെ വേദിയില്‍ വച്ച്‌ അപമാനിക്കുന്നത് . ഒരു വര്‍ഷം മുന്നേ കോഴിക്കോട് ടാഗോറില്‍ നടന്ന അവാര്‍ഡ് ദാന പരിപാടിയില്‍ അവതാരക ഞാനായിരുന്നു . ക്ഷണിക്കപ്പെടുന്ന വ്യക്തികളെ കുറിച്ച്‌ ഞാന്‍ തന്നെയാണ് എന്റെ പരിപാടികളില്‍ എഴുതി തയ്യാറാക്കുക . സംഘാടകര്‍ കൂടുതല്‍ എഴുതാന്‍ പറഞ്ഞാലും വളരെ കുറച്ചെ എഴുതാറുള്ളൂ. ആവശ്യമില്ലാത്ത അലങ്കാരങ്ങള്‍ നല്‍കാറില്ല . ആ പരിപാടിയിലും മുഖ്യമന്ത്രിയെ പ്രസംഗിക്കാന്‍ വിളിക്കുമ്ബോള്‍ രണ്ടേ രണ്ടു വരി വിശേഷണം കൊടുത്തു ക്ഷണിക്കുകയാണ് . ഞാന്‍ മുഴുമിപ്പിക്കും മുന്‍പ് മൈക്കിനടുത്തേയ്ക്കു വന്നു ‘മാറി നില്‍ക്ക്’ ( പഴയ കാലത്ത് ജന്മിമാര്‍ അടിയാളന്മാരോട് പറയുന്നത് പോലെ ) എന്ന് പറഞ്ഞു മൈക്കിലൂടെ പ്രസംഗം തുടങ്ങി . എനിയ്‌ക്കൊന്നും മനസ്സിലായില്ല . ഞാനെന്തു തെറ്റാണ് ചെയ്തതെന്നും . ആളുകള്‍ എന്നെ ദയനീയമായി നോക്കുന്നുണ്ടായിരുന്നു . ഒന്ന് പതറിയെങ്കിലും തളര്‍ന്നില്ല . അത് അദ്ദേഹത്തിന്റെ മര്യാദ ആവും എന്ന് കരുതി കൂടുതല്‍ ഊര്‍ജ്ജത്തോടെ നിന്നു . പ്രസംഗം കഴിഞ്ഞു നന്ദി പറയാന്‍ മൈക്കിനടുത്തേയ്ക്കു നടക്കുമ്ബോള്‍ പറയാന്‍ തീരുമാനിച്ചു . ‘സര്‍ .സാറിന്റെ മാറിനില്‍ക്ക് എന്ന ജന്മി പ്രയോഗത്തോട് വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ട് നന്ദി’ എന്ന് . പക്ഷെ പറഞ്ഞില്ല .നന്ദി മാത്രം പറഞ്ഞു . അന്നത്തെ ആ പരിപാടി തന്റെ ജീവിതവും സമ്ബാദ്യവും ഭിന്നശേഷിക്കാര്‍ക്കായി മാറ്റിവച്ച ഒരു വലിയ മനുഷ്യന് അവാര്‍ഡു നല്‍കുന്ന ചടങ്ങായിരുന്നു . ആ ചടങ്ങു ഭംഗിയാവണമെന്നു ഏറെ ആഗ്രഹിച്ച ഞാന്‍ തന്നെ അതിന്റെ ഭംഗി നഷ്ടപ്പെടുത്തുന്നത് ശരിയാണെന്നു തോന്നിയില്ല . ജീവിതത്തില്‍ ആദ്യമായിട്ടാണ് അപമാനിക്കപ്പെട്ടിട്ട് പ്രതീകരിക്കാതെ നിന്നത്. പരിപാടി കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ആളുകളുടെ പ്രതീകരണത്തില്‍ നിന്നു മനസ്സിലായി പരിഹസിക്കപ്പെട്ടതു ഞാനല്ല മുഖ്യമന്ത്രിയാണെന്ന്.ന്യായീകരണക്കാര്‍ പറയുന്നുണ്ടായിരുന്നു മുഖ്യന് പുകഴ്ത്തുന്നത് ഇഷ്ടമല്ലെന്ന്.രണ്ടു വരി വിശേഷണം ഏതൊരു വ്യക്തിയെ ക്ഷണിക്കുമ്ബോളും നല്കുന്നതാണല്ലോ . അതെ നല്‍കിയിട്ടുള്ളൂ . എന്നാല്‍ ഇതേ മുഖ്യന്‍ ദേശാഭിമാനിയുടെ വേദിയില്‍ അരമണിക്കൂറോളം അദ്ദേഹത്തെ പുകഴ്ത്തുന്നത് ആസ്വദിച്ചിരിക്കുന്നതിന്റെ വിഡിയോ ഞാന്‍ കണ്ടിട്ടുണ്ട് . രണ്ടു വര്‍ഷം മുന്നേ അവതാരകയുടെ ആമുഖം നീണ്ടു പോയി എന്ന് പറഞ്ഞു മുഖ്യമന്ത്രി ഒരു വേദിയില്‍ നിന്നു ഇറങ്ങിപ്പോയിരുന്നു . ഇത്രയും ഇപ്പോള്‍ ഇവിടെ പറഞ്ഞത് മുഖ്യമന്ത്രി വീണ്ടും ഒരു അവതാരകയെ ആളുകളുടെ മുന്നില്‍ അപമാനിച്ചതുകൊണ്ടാണ് . വര്‍ഷങ്ങളായി നമ്മുടെ നാട്ടില്‍ കാണുന്ന രീതിയാണ് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യുന്നത് . അത് ഇന്നും തുടരുന്നു . അത്തരം രീതിയോട് വിയോജിപ്പുണ്ടെങ്കില്‍ അത് സംഘാടകരെ നേരത്തെ അറിയിക്കണം . നിലവിളക്ക് ഒഴിവാക്കണം . ഇവിടെ ആ അവതാരക പൊതുവെ എല്ലാവരും ചെയ്യുന്നപോലെ ഉദ്ഘാടനം ചെയ്യുമ്ബോള്‍ എല്ലാവരും എഴുന്നേല്‍ക്കണമെന്നു പറഞ്ഞു . ഉദ്ഘാടനം നിലവിളക്ക് കൊളുത്തി ആയതു കൊണ്ട് കൊളുത്തുമ്ബോള്‍ എഴുന്നേല്‍ക്കണമെന്നു പറഞ്ഞു .അത്രയേ ഉള്ളൂ. വേണ്ടവര്‍ എഴുന്നേറ്റാല്‍ മതി . ആരെയും നിര്‍ബന്ധിക്കുകയൊന്നും ഇല്ല . ഞാന്‍ ഉദ്ഘാടന സമയത്ത് കയ്യടിക്കാനാണ് പറയാറുള്ളത് . അതും ഒരേ ഒരു തവണ .ചിലര്‍ ചെയ്യും . ചിലര്‍ ചെയ്യില്ല . കലാപരിപാടികള്‍ ഉണ്ടെങ്കില്‍ തുടക്കത്തില്‍ സൂചിപ്പിക്കും കൈയ്യടിച്ച്‌ പ്രോത്സാഹിപ്പിക്കണമെന്ന് . അത്രയേ ഉള്ളൂ . ഇരന്ന് കൈയ്യടി വാങ്ങികൊടുക്കാറില്ല. ഞാന്‍ കൈയ്യടിക്കാന്‍ പറയുന്നില്ലെന്ന് സംഘാടകര്‍ പരാതി പറയുമ്ബോള്‍ ഇത്രയെ പറ്റൂ. അടുത്ത തവണ എന്നെ അവതാരകയായി വിളിക്കേണ്ട എന്ന് പറയും.അങ്ങിനെ ചെയ്യുന്നവരോട് അതിന്റെ ആവശ്യമില്ലെന്ന് പറയാറുമുണ്ട് . ഞാന്‍ പങ്കെടുക്കുന്ന പരിപാടികള്‍ ഇങ്ങനെയൊക്കെ ആയിരിക്കണമെന്ന് മുഖ്യമന്ത്രിക്കോ അതേപോലെ ക്ഷണിക്കപ്പെടുന്ന വ്യക്തികള്‍ക്കോ നിലപാടുണ്ടെങ്കില്‍ ആദ്യമേ അത് സംഘാടകരെ അറിയിക്കണം . നിര്‍ബന്ധമായും പാലിച്ചിരിക്കാന്‍ നിര്‍ദ്ദേശം കൊടുക്കണം . അങ്ങിനെ വരുമ്ബോള്‍ അവര്‍ അത് അവതാരകയെ അറിയിക്കും . അതനുസരിച്ച്‌ അവതാരക വേദിയില്‍ പെരുമാറും .രാഷ്ട്രീയകാഴ്ചയ്ക്കല്ലാതെ യഥാര്‍ത്ഥത്തിലുള്ള സ്ത്രീ ബഹുമാനം ഉണ്ടെങ്കില്‍ ചെയ്യേണ്ടത് അതാണ് അല്ലാതെ ആയിരക്കണക്കിന് ആളുകള്‍ നോക്കി നില്‍ക്കുമ്ബോള്‍ അവതാരകയോട് ആജ്ഞാപിച്ചു ആളാവുകയല്ല ചെയ്യേണ്ടത് . ചെറുതായാലും വലുതായാലും അഭിമാനം എല്ലാവര്‍ക്കുമുണ്ട്.