കൊല്‍ക്കത്ത: പ‍ശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കരുത്താര്‍ജിക്കവെ ബംഗാളിന്റെ റിപ്പബ്ലിക്ക് ദിന ടാബ്ലോ നിരസിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പാര്‍ലമെന്റില്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മമതയും കേന്ദ്രവും തമ്മില്‍ ഇടഞ്ഞുനില്‍ക്കവെയാണ് പുതിയ നടപടി. ജനുവരി 26ന് ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡിന് അവതരിപ്പിക്കാനിരുന്ന ടാബ്ലോയാണ് കേന്ദ്രം നിരസിച്ചത്.

ബംഗാള്‍ സര്‍ക്കാരിന്റെ ടാബ്ലോ പ്രൊപ്പോസല്‍ രണ്ട് ഘട്ട യോഗങ്ങളില്‍ വിദഗ്ദ സമിതി പരിശോധിച്ചിരുന്നു. എന്നാല്‍ അവസാനം ചേര്‍ന്ന യോഗത്തില്‍ ബംഗാളിന്റെ ടാബ്ലോയ്ക്ക് സമിതി അനുമതി നിഷേധിക്കുകയായിരുന്നെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട 16 സംസ്ഥാനങ്ങള്‍,​ കേന്ദ്രഭരണ പ്രദേശങ്ങള്‍,​ വിവിധ മന്ത്രാലയങ്ങള്‍ എന്നിവയില്‍ നിന്നുമായി 22 പ്രോപ്പോസലുകളാണ് പരേഡിനായി ആഭ്യന്തരമന്ത്രാലയം ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ നിന്നെല്ലാമായി 56 ടാബ്ളോകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. അതില്‍ തന്നെ 32 എണ്ണം വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയുമാണ്. വിഷയം, ആശയം, രൂപകല്‍പ്പന, വിഷ്വല്‍ ഇംപാക്‌ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് വിദഗ്ദ സമിതി തിരഞ്ഞെടുപ്പ് നടത്തിയതെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

അതേസമയം,​ പഞ്ചിമബംഗാളിന്റെ ടാബ്ലോ നിരസിച്ചത് വിവേചനപരമായ തീരുമാനമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സൗഗത റോയ് ദേശിയ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതി ബില്‍,​ എന്‍.ആര്‍.സി എന്നിവ നടപ്പിലാക്കില്ലെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് ടാബ്ലോ നിരസിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കല, സംഗീതം, മറ്റ് കാര്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സാംസ്‌കാരിക പാരമ്ബര്യമുള്ള സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. എന്നാല്‍ സംസ്ഥാനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത് വിവേചനപരമായ നടപടിയാണെന്ന് സൗഗത റോയ് കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിനെ പുറത്താക്കിയാലും ബംഗാളില്‍ പൗരത്വ നിയമ ഭേദഗതി ബില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയില്‍ നടന്ന വന്‍ പ്രതിഷേധറാലിയില്‍ പറഞ്ഞിരുന്നു. ‘നിങ്ങള്‍ക്ക് എന്റെ സര്‍ക്കാരിനെ പുറത്താക്കണമെങ്കില്‍ ആവാം. പക്ഷേ ബംഗാളില്‍ പൗരത്വ ബില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു’ മമത പറഞ്ഞത്.