ലഖ്‌നൗ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി ഹെല്‍മെറ്റ് ധരിക്കാതെ സ്‌കൂട്ടറിന്റെ പിന്‍സീറ്റില്‍ യാത്രചെയ്ത സംഭവത്തില്‍ പിഴയടയ്ക്കാന്‍ ആവശ്യമായ പണം പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്ന് പിരിച്ചു.ബൈക്കുടമയായ രാജ്ദീപ് സിങ് പിഴയടക്കുമെന്ന് അറിയിച്ചെങ്കിലും ആവശ്യമായ പണം പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും പിരിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശില്‍ പൗരത്വനിയമത്തിനെതിരെ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റിലായ മുന്‍ ഐപിഎസ് ഓഫീസര്‍ എസ് ആര്‍ ദാരാപുരിയുടെ വീട്ടിലേക്കു പോകുമ്ബോഴാണ് ട്രാഫിക് നിയമം ലംഘിച്ചതിന് പോലീസ് പ്രിയങ്കയ്ക്കും ബൈക്ക് ഓടിച്ച ധീരജ് ഗുര്‍ജറിനും പിഴ ചുമത്തിയത്. 6100 രൂപയാണ് സര്‍ക്കാര്‍ പിഴയിട്ടത്.

പിഴ അടയ്ക്കാന്‍ അറിയിപ്പ് ലഭിച്ചതിന് പിന്നാലെ തുക താന്‍ സ്വയം അടയ്ക്കുമെന്ന് ബൈക്ക് ഉടമയായ രാജ്ദീപ് സിങ് പറഞ്ഞിരുന്നു. പ്രിയങ്കയ്ക്കു വേണ്ടിയായത് കൊണ്ട് താനാണ് ബൈക്ക് ധീരജിന് കൊടുത്തതെന്നും പ്രിയങ്കയില്‍ നിന്നോ കോണ്‍ഗ്രസില്‍ നിന്നോ തനിക്ക് പിഴ തുക വാങ്ങാന്‍ കഴിയില്ലെന്നും സ്വയം അടക്കുമെന്നും, സിങ് വ്യക്തമാക്കിയിരുന്നു.