ന്യൂയോര്‍ക്ക്: പുതുവര്‍ഷമായ 2020 ബൈബിള്‍ വര്‍ഷമായി ആചരിക്കുവാന്‍ വിവിധ പദ്ധതികളുമായി ആഗോള ക്രൈസ്തവ നേതാക്കള്‍. നിക്ക് ഹാള്‍ ആരംഭിച്ച ‘ഇയര്‍ ഓഫ് ദി ബൈബിള്‍’ (വൈ.ഒ.ടി.ബി) പ്രസ്ഥാനത്തെ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പ, ഇന്ത്യന്‍ വംശജനും ലോക പ്രശസ്ത സുവിശേഷകനുമായ രവി സഖറിയ, ഇവാഞ്ചലിക്കല്‍ സഭാ സുവിശേഷകനായ ഫ്രാന്‍സിസ് ചാന്‍ തുടങ്ങിയ പ്രമുഖ ക്രിസ്ത്യന്‍ നേതാക്കള്‍ പിന്തുണ അറിയിച്ചതായി ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ബൈബിള്‍ വര്‍ഷമാക്കുവാനുള്ള നീക്കത്തിന് ലോകമെമ്പാടുമുള്ള നൂറിലധികം രാഷ്ട്രങ്ങളില്‍ നിന്നുള്ള ഇരുപതിനായിരത്തോളം ദേവാലയങ്ങളുടേയും, പ്രേഷിത സംഘടകളുടേയും സഹകരണവും ഉറപ്പായിട്ടുണ്ട്. ജനതകളെ ദൈവവചനവുമായി വീണ്ടും ബന്ധപ്പെടുത്തുക എന്നതാണ് ‘ഇയര്‍ ഓഫ് ദി ബൈബിള്‍’-ന്റെ ലക്ഷ്യം.

ചരിത്രത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയിട്ടുള്ളതും തെറ്റിദ്ധരിക്കപ്പെട്ടതുമായ ഗ്രന്ഥമാണ് ബൈബിളെന്നും, അതിനാല്‍ വിശ്വാസികള്‍ക്കും, അവിശ്വാസികള്‍ക്കും ഒരുപോലെ ബൈബിളുമായി ഇടപെഴകുവാനുള്ള ഉറവിടങ്ങളും, അവസരവും ഒരുക്കുവാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും നിക്ക് ഹാള്‍ പറഞ്ഞു. ബൈബിള്‍ വായിക്കുവാനും അതില്‍ നിന്നും പ്രചോദനം ഉള്‍കൊള്ളുവാനും ലോകജനതയെ പ്രോത്സാഹിപ്പിക്കുമെന്നും സുവിശേഷ സംഘടനകളായ ‘പള്‍സ്’ന്റെ സ്ഥാപകനും, ടേബിള്‍ കൊയാലിഷന്റെ സാരഥിയുമായ ഹാള്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്ത് ഏറ്റവുമധികം വായിക്കപ്പെട്ട പുസ്തകമായ ബൈബിള്‍ മരിക്കുന്നതിനു മുന്‍പ് ഒരു പ്രാവശ്യമെങ്കിലും പൂര്‍ണ്ണമായി വായിക്കുവാന്‍ ആഗ്രഹിക്കുന്നില്ലേ എന്ന ചോദ്യമാണ് ഇവാഞ്ചലിക്കല്‍ സുവിശേഷകന്‍ ഫ്രാന്‍സിസ് ചാന്‍ ചോദിക്കുന്നത്. കാലാവസ്ഥയേക്കുറിച്ചോ കായികരംഗത്തെക്കുറിച്ചോ ഉള്ള ചര്‍ച്ചകള്‍ക്ക് പകരം ബൈബിള്‍ സംബന്ധമായ ചര്‍ച്ചകളായിരിക്കും നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആത്മാവിന്റെ കണ്ണാടിയാണ് ബൈബിള്‍ എന്നാണ് കോളേജ് കാമ്പസ്സുകളിലും പൊതുസ്ഥലങ്ങളിലും സുവിശേഷ പ്രഘോഷണ രംഗത്തെ നിറ സാന്നിധ്യമായ രവി സക്കറിയ പറയുന്നത്.

കാലഗണന അനുസരിച്ച് ബൈബിള്‍ വായിക്കുവാന്‍ അവസരമൊരുക്കുന്ന ‘ബൈബിള്‍റീകാപ്.കോം’ എന്ന വെബ്സൈറ്റില്‍ ഇതുവരെ ഇരുപതിനായിരത്തോളം ഇടവകകള്‍ ചേര്‍ന്ന് കഴിഞ്ഞു. പ്രമുഖ ക്രിസ്ത്യന്‍ നേതാക്കളുടെ പ്രഘോഷണങ്ങള്‍ ഉള്‍കൊള്ളുന്ന ‘മൂവ് ക്ലോസര്‍ ആപ്പ്’നും നേതൃത്വം രൂപം നല്‍കിയിട്ടുണ്ട്. വാഷിംഗ്‌ടണ്‍ ഡി.സിയിലെ പ്രശസ്തമായ ബൈബിള്‍ മ്യൂസിയവുമായി സഹകരിച്ച് 2020 ജൂണില്‍ രണ്ടു ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന ബൈബിള്‍ കൂട്ടായ്മ സംഘടിപ്പിക്കുവാനും ‘ഇയര്‍ ഓഫ് ദി ബൈബിള്‍’ പരിപാടിക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ ലക്ഷ്യമിടുന്നു.