തിരുവനന്തപുരം: പുതുവർഷത്തിൽ വിവിധ പദ്ധതികൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് നാളുകളായി താമസിക്കുന്ന റേഷൻ കാർഡില്ലാത്തവർക്ക് അത് നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അതിന്റെ മാനദണ്ഡങ്ങൾ ലഘൂകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വീടിന് പെർമിറ്റ് ലഭിച്ചിട്ടില്ല എന്നതൊന്നും അതിന് മാനദണ്ഡമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ റോഡുകൾ അഞ്ചുമാസം കൊണ്ട് അറ്റകുറ്റ പണികൾ തീർത്ത് സഞ്ചാരയോഗ്യമാക്കാനും സ്ത്രീകൾക്ക് രാത്രികാലങ്ങളിൽ തങ്ങാൻ പട്ടണ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സ്ത്രീ സൗഹൃദ കേന്ദ്രങ്ങൾ തുടങ്ങാനും മന്ത്രിസഭാ യോഗം തീരുമാനിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് യൂത്ത് ലീഡർഷിപ്പ് അക്കാഡമികൾ തുടങ്ങുമെന്നും വിദ്യാർഥികൾക്ക് പാർട് ടൈം ജോലി എന്ന സംസ്കാരം വളർത്തിയെടുക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെട്ടിക്കിടക്കുന്ന പരാതികൾ ആകെ തീർപ്പാക്കുമെന്നും അതിന് ജില്ലാ കളക്ടർമാർ നേതൃത്വം നൽകുമെന്നും അറിയിച്ച മുഖ്യമന്ത്രി താലൂക്കുകൾ കേന്ദ്രീകരിച്ചായിരിക്കും ഈ അദാലത്തുകൾ നടത്തുകയെന്നും ചിലയിടങ്ങളിൽ മന്ത്രിമാർ പങ്കെടുക്കുമെന്നും അറിയിച്ചു. വഴിയോര വിശ്രമ കേന്ദ്രങ്ങൾ, സംസ്ഥാനത്തൊട്ടാകെ 12,000 പുതിയ ശുചിമുറികൾ, 37 കോടി വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കാനുള്ള പദ്ധതി തുടങ്ങിയവയും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.