വത്തിക്കാന്‍ സിറ്റി: ലോക പ്രശസ്ത ദൈവശാസ്ത്ര പണ്ഡിതനും ലാറ്ററന്‍ സര്‍വ്വകലാശാലയിലെ ഓഗസ്റ്റീനിയന്‍ പാട്രിസ്റ്റിക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനുമായ കര്‍ദ്ദിനാള്‍ പ്രോസ്പര്‍ ഗ്രെച്ച് അന്തരിച്ചു. 94 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരിന്നു അന്ത്യം. 2013 മാര്‍ച്ചില്‍ സിസ്റ്റൈന്‍ ചാപ്പലില്‍വെച്ച് പുതിയ പാപ്പയെ (ഫ്രാന്‍സിസ് പാപ്പ) തെരഞ്ഞെടുക്കുന്നതിന് തൊട്ടു മുന്‍പായി തെരഞ്ഞെടുപ്പ് സംഘത്തില്‍ ഉള്‍പ്പെട്ട കര്‍ദ്ദിനാള്‍മാര്‍ക്കുള്ള ധ്യാനത്തിന് നേതൃത്വം നല്‍കിയത് കര്‍ദ്ദിനാള്‍ ഗ്രെച്ചായിരുന്നു.

1925-ല്‍ യൂറോപ്യന്‍ ദ്വീപ്‌ രാജ്യമായ മാള്‍ട്ടായിലായിരിന്നു ജനനം. 1950-ല്‍ തന്റെ 29-മത്തെ വയസ്സില്‍ റോമിലെ സെന്റ്‌ ജോണ്‍ ലാറ്ററന്‍ ബസലിക്കയില്‍ നിന്ന്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചു. 1953-ല്‍ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ശേഷം കര്‍ദ്ദിനാള്‍ ഗ്രെച്ച് പൊന്തിഫിക്കല്‍ ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും, ഓക്സ്ഫോര്‍ഡ്, കേംബ്രിജ് സര്‍വ്വകലാശാലകളിലായി പഠനം പൂര്‍ത്തിയാക്കി. 1961-ല്‍ അപ്പസ്തോലിക മന്ദിരത്തിലെ സാക്രിസ്റ്റനും, വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് വികാര്‍ ജനറലുമായ മെത്രാന്‍ പിയട്രോ കനിസിയോ വാന്‍ ലീര്‍ദേയുടെ സെക്രട്ടറിയായി നിയമിതനായി.

1963-ല്‍ വിശുദ്ധ പോള്‍ ആറാമന്‍ പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പ് അപ്പസ്തോലിക മന്ദിരത്തില്‍ അദ്ദേഹത്തെ കണ്ടുമുട്ടിയതും, തന്റെ കുമ്പസാരം കേള്‍ക്കാമോ എന്ന് അദ്ദേഹം ആവശ്യപ്പെട്ടതിനെക്കുറിച്ചും കര്‍ദ്ദിനാള്‍ ഗ്രെച്ച് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പൊന്തിഫിക്കല്‍ ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 30 വര്‍ഷങ്ങളോളം ഭാഷയെക്കുറിച്ചും, തര്‍ജ്ജമയെക്കുറിച്ചും പഠിപ്പിച്ചിട്ടുള്ള കര്‍ദ്ദിനാള്‍ ഗ്രെച്ച് 1971 മുതല്‍ 79 വരെ അദ്ദേഹം തന്നെ സ്ഥാപിച്ച ഓഗസ്റ്റീനിയന്‍ പാട്രിസ്റ്റിക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അദ്ധ്യക്ഷനായി സേവനവും ചെയ്തിട്ടുണ്ട്.

1984-ലാണ് കര്‍ദ്ദിനാള്‍ ഗ്രെച്ച് വിശ്വാസ തിരുസംഘത്തിലെ വിദഗ്ദ കണ്‍സള്‍ട്ടറായി നിയമിതനാകുന്നത്. 2003-ല്‍ പൊന്തിഫിക്കല്‍ തിയോളജിക്കല്‍ അക്കാദമിയിലെ അംഗവും, 2004-ല്‍ പൊന്തിഫിക്കല്‍ ബൈബിള്‍ കമ്മീഷനിലെ അംഗവുമായിരുന്നു അദ്ദേഹം. 2012-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പയാണ് അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. കര്‍ദ്ദിനാള്‍ പദവിയിലെത്തുന്ന രണ്ടാമത്തെ മാള്‍ട്ടാ സ്വദേശിയായിരിന്നു അദ്ദേഹം.