ലീഗ് സിറ്റി (റ്റെക്‌സസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം ഡിസംബര്‍ 27ന് വെബ്സ്റ്റര്‍ ഹെറിറ്റേജ് പാര്‍ക്ക് ഓഡിറ്റോറിയത്തില്‍വെച്ചു നടത്തപ്പെട്ടു. പരിപാടികള്‍ എല്ലാ അര്‍ത്ഥത്തിലും ഒരു വന്‍ വിജയമായിത്തീര്‍ത്തതിന് സംഘാടകര്‍ എല്ലാവര്‍ക്കും പ്രത്യേകം നന്ദി അര്‍പ്പിച്ചു. കരോള്‍ പാട്ടുകളോടുകൂടി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

ബിജി കൊടകേരില്‍, ആന്റണി ജോസഫ്, ഡെന്നിസ് തോമസ്, ബിജു ശിവാനന്ദന്‍, കൃഷ്ണരാജ് കരുണാകരന്‍, ബിന്നി പോള്‍, അബ്ദുല്‍ മനാഫ്, ജോണ്‍ പത്രോസ്, പ്രതാപന്‍ തേരാട്ടു എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയ നാടന്‍ വിഭവങ്ങള്‍ തത്സമയം തയ്യാറാക്കി നല്‍കുന്ന കേരളത്തനിമയാര്‍ന്ന തട്ടുകടയില്‍   നിന്നും പരമ്പരാഗത സമോവര്‍ ചായ, പൊറോട്ട, അപ്പം, നാടന്‍ പോത്തിറച്ചിക്കറി, നാടന്‍ കോഴിക്കറി, ഓംലറ്റ് എന്നിവയോടൊപ്പം മറ്റു അനേക കേരള വിഭവങ്ങളും ആസ്വാദകരമായിരുന്നു. നാട്ടില്‍ കുടുംബത്തോടപ്പം ഒരു ക്രിസ്മസ് ആഘോഷിച്ചതിന്റെ ഒരു പ്രതീതി ഉണര്‍ത്തുന്നതായിരുന്നു വിന്റര്‍ ബെല്‌സ് 2019.

അമേരിക്കന്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമെല്ലാം കൗതുകമുണര്‍ത്തിക്കൊണ്ടു രാജന്‍കുഞ്ഞു ഗീവര്‍ഗീസ്, ഷിബു ജോസഫ്, ടെല്‍സണ്‍ പഴമ്പിള്ളി, സോജന്‍ പോള്‍, രാജേഷ് ചന്ദ്രശേഖരന്‍  എന്നിവരുടെ നേതൃത്വത്തില്‍  നിര്‍മിച്ച പതിനാലും, പന്ത്രണ്ടും അടിയോളം ഉയരങ്ങളിലുള്ള കൂറ്റന്‍ നക്ഷത്രങ്ങളും, നക്ഷത്രത്തിനുള്ളില്‍ നിര്‍മ്മിച്ച പുല്‍ക്കൂടും മാത്യു പോള്‍, ബിജോ സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയ അഞ്ഞൂറില്പരം ചെറു നക്ഷത്രങ്ങള്‍, പുല്‍ക്കൂട്, വിവിധ വലുപ്പത്തിലുള്ള ക്രിസ്തുമസ് ട്രീകള്‍, വൈവിധ്യമാര്‍ന്ന തരത്തിലുള്ള നയനമനോഹരമായ ലൈറ്റുകള്‍, അലങ്കാരങ്ങള്‍ എന്നിവയെല്ലാം അതിശയോക്തി നിറഞ്ഞതായിരുന്നു.

ഇതോടൊപ്പം പ്രിയ ഗായകരായ രശ്മി നായര്‍, സീറ തോമസ്, എന്നിവരെ അണിനിരത്തി നടത്തിയ സംഗീത വിരുന്നും, യുവജനങ്ങളുടെയും, കുട്ടികളുടെയും വൈവിധ്യമാര്‍ന്ന നൃത്ത, സംഗീത, പരിപാടികളും കാണികളുടെ കണ്ണിനും മനസ്സിനും ഒരുപോലെ കുളിര്‍മ യേകുന്നതായിരുന്നു.

പരസ്പര കൂട്ടായ്മയുടെയും, കുടുമ്പ ബന്ധങ്ങളുടെയും ആഴം കൂടുതല്‍ ഊട്ടിയുറപ്പിക്കുവാന്‍ ലീഗിസിറ്റിയിലുള്ള എല്ലാ മലയാളികളും ഒത്തൊരുമയോടുകൂടി ഒരു കുടംബം എന്ന പോലെ നടത്തിയ ഈ പരിപാടി വിന്റര്‍ ബെല്‍സ് മറ്റുള്ളവര്‍ക്കും ഒരു മാതൃകയാകട്ടെ.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി