കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനെതിരെ പരിസരവാസികളുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് മുതല്‍. മരടില്‍ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഇനി 10 ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് സമീപത്ത് താമസിക്കുന്ന കുടുംബങ്ങള്‍ നിരാഹാര സമരം തുടങ്ങുന്നത്. ഫ്ലാറ്റിന് പരിസരത്തുള്ളവരുടെ വീടുകള്‍ക്കും സ്വത്തിനും മതിയായ സംരക്ഷണം ഉറപ്പാക്കുന്നില്ലെന്നാരോപിച്ചാണ് സമരം.

ആല്‍ഫാ സെരിന്‍ ഫ്ലാറ്റിനു ചുറ്റും താമസിക്കുന്നവരാണ് പുതുവര്‍ഷദിനം മുതല്‍ ഉപവാസം ഇരിക്കുന്നത്. ഒഴിപ്പിക്കല്‍ നടപടി വിശദീകരിക്കാന്‍ കലക്‌ടര്‍ വിളിച്ച യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാനും തീരുമാനമായി. മരടിലെ ഫ്ലാറ്റുകളുടെ ചുമരുകള്‍ നീക്കിത്തുടങ്ങിയപ്പോള്‍ തന്നെ സമീപത്തെ പല വീടുകളിലും വിള്ളല്‍ വീണിരുന്നു. ഫ്ലാറ്റുകള്‍ പൂര്‍ണമായും പൊളിച്ചു തീരുമ്ബോള്‍ ഈ കെട്ടിടങ്ങള്‍ക്ക് വലിയതോതില്‍‍ കേടുപാടുകളുണ്ടാകുമെന്ന ആശങ്കയാണ് നാട്ടുകാരില്‍. ഫ്ലാറ്റുകള്‍ പൊളിച്ചു കഴിഞ്ഞാലും അവശിഷ്ടങ്ങള്‍ മാറ്റാന്‍ രണ്ട് മാസത്തിലേറെ സമയം എടുത്തേക്കും. ഈ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് പുതുവത്സരദിനത്തില്‍ സമരത്തിനിറങ്ങുന്നത്.

അതേസമയം, മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള 650 കിലോയുടെ സ്‌ഫോടക വസ്തുക്കള്‍ മൂവാറ്റുപുഴയില്‍ എത്തിച്ചു. എഡിഫിസ് കമ്ബനിക്കു വേണ്ടി 150 കിലോയും ആല്‍ഫ സെറീന്‍ തകര്‍ക്കുന്ന വിജയ് സ്റ്റീല്‍സിനു വേണ്ടി 500 കിലോയുടെ സ്‌ഫോടക വസ്തുക്കളുമാണ് നാഗ്പൂരില്‍ നിന്നും എത്തിച്ചിട്ടുള്ളത്. എഡിഫിസിന്റേത് അങ്കമാലി മഞ്ഞപ്രയിലും വിജയ് സ്റ്റീല്‍സിന്റേത് മൂവാറ്റുപുഴയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ജനുവരി ആദ്യവാരം തന്നെ ഹോളിഫെയ്ത്ത്, ജെയിന്‍, കായലോരം എന്നീ ഫ്‌ളാറ്റുകളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച്‌ തുടങ്ങും.