തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെതിരെ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്ത്. പൗരത്വ വിഷയത്തില്‍ നിയമം പാസാക്കാന്‍ പാര്‍ലമെന്റിനാണ് അധികാരമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം മുഖ്യമന്ത്രി കൂടുതല്‍ നിയമോപദേശം തേടണമെന്നും അഭിപ്രായപ്പെട്ടു. ദേശീയ പൗരത്വ നിയമത്തിനെതിരെ പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്നു പ്രമേയം പാസാക്കാന്‍ നേതൃത്വം നല്‍കിയ മുഖ്യമന്ത്രി നിയമവശം പരിശോധിക്കാന്‍ നല്ല ഉപദേശകരെ തേടുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് ആവശ്യത്തിന് ഉപദേശകരുള്ളതിനാല്‍ അവരില്‍ ആരോടെങ്കിലും ചോദിക്കാവുന്നതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രത സമ്മേളനത്തിലും പത്രസമ്മേളനത്തിലും സംസ്ഥാന നിലപാടിനെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. പൗരത്വ നിയമം ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിനു പൂര്‍ണ അധികാരമുണ്ടെന്നു രവിശങ്കര്‍ പ്രസാദ് പറഞ്ഞു. വിഷയത്തില്‍ ആശങ്കകള്‍ നീക്കാനും ചര്‍ച്ചകള്‍ക്കും തയാറാണ്. എന്നാല്‍, മനഃപൂര്‍വം പ്രശ്നമുണ്ടാക്കുന്നവര്‍ക്കു മറുപടിയില്ല.

സമുദായഭിന്നത ആളിക്കത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കരുത്. ആശങ്ക നീക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കുമോ എന്ന ചോദ്യത്തിന്, പാര്‍ലമെന്റിന്റെ ഇരു സഭകളും ചര്‍ച്ച ചെയ്യുകയും എല്ലാ കക്ഷികള്‍ക്കും അഭിപ്രായം പറയാന്‍ അവസരം ലഭിക്കുകയും ചെയ്ത 4 വകുപ്പുകള്‍ മാത്രമുള്ള നിയമത്തെക്കുറിച്ചു കൂടുതല്‍ എന്തു ചര്‍ച്ച ചെയ്യാനാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.