ബാഗ്ദാദ്: ഇറാഖിലെ യു.എസ്. സ്ഥാനപതി കാര്യാലയത്തിനുനേരെ പ്രക്ഷോഭകരുടെ ആക്രമണം. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സായുധസംഘടനയായ ഹിസ്ബുള്ള ബ്രിഗേഡ്സിനെ ലക്ഷ്യമിട്ട് യു.എസ്. ഇറാഖിലും സിറിയയിലും ഞായറാഴ്ച നടത്തിയ വ്യോമാക്രമണങ്ങള്‍ക്കു തിരിച്ചടിയായാണിത്. ആക്രമണങ്ങളില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു.

സ്ത്രീകളുള്‍പ്പെടെയുള്ള ആയിരത്തോളം പ്രക്ഷോഭകര്‍ ചൊവ്വാഴ്ച എംബസിയിലേക്ക് മാര്‍ച്ചുനടത്തി. യു.എസ്. വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച പ്രക്ഷോഭകര്‍ എംബസിയുടെ പ്രധാന കവാടത്തിനുനേരെ കല്ലെറിയുകയും സുരക്ഷാക്യാമറകള്‍ നശിപ്പിക്കുകയുംചെയ്തു. ആളില്ലാ സുരക്ഷാപോസ്റ്റുകള്‍ തകര്‍ക്കുകയും ചിലതിന് തീയിടുകയുംചെയ്തു. എംബസി കെട്ടിടത്തിന്റെ മതില്‍ തകര്‍ത്ത് പ്രക്ഷോഭകര്‍ ഉള്ളില്‍ക്കടന്നതോടെ സ്ഥിതി വഷളായി. പ്രക്ഷോഭകര്‍ക്കുനേരെ യു.എസ്. സൈന്യം കണ്ണീര്‍വാതകം പ്രയോഗിച്ചു. എംബസിയിലുണ്ടായിരുന്ന യു.എസ്. സ്ഥാനപതിയെ സുരക്ഷിതമായി ഒഴിപ്പിച്ചു.

അതിസുരക്ഷയുള്ള ‘ഹരിതമേഖല’യിലാണ് എംബസി സ്ഥിതിചെയ്യുന്നത്.

യു.എസ്. ഞായറാഴ്ച നടത്തിയ വ്യോമാക്രമണം തന്റെ രാജ്യത്തിന്റെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് ഇറാഖ് പ്രധാനമന്ത്രി ആദേല്‍ അബ്ദുല്‍ മഹ്ദി പറഞ്ഞു. യു.എസുമായുള്ള ബന്ധം പുനഃപരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിനുമറുപടിയായി ഇറാഖിലെ യു.എസ്. സൈന്യത്തിനുനല്‍കുന്ന തിരിച്ചടി കനത്തതായിരിക്കുമെന്ന് ഹിസ്ബുള്ള ബ്രിഗേഡ്സ് കമാന്‍ഡര്‍ അബു മഹ്ദി അല്‍ മുഹന്ദിസും പറഞ്ഞു. ഭീകരവാദത്തിന്റെ വ്യക്തമായ ഉദാഹരണമാണ് യു.എസ്. ആക്രമണമെന്നാണ് ഇറാന്‍ പ്രതികരിച്ചത്.