തിരുവനന്തപുരം: പൗരത്വഭേദഗതിനിയമത്തില്‍ സംസ്ഥാനത്തി​​െന്‍റ പൊതുവികാരം മനസ്സിലാക്കാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജി​െവച്ച്‌ സംസ്ഥാനം വിടുന്നതാണ് നല്ലതെന്ന് കെ. മുരളീധരന്‍ എം.പി. ഗവര്‍ണറായി തുടരാന്‍ കഴിയാത്ത സാഹചര്യം അദ്ദേഹമായിട്ട് ഉണ്ടാക്കിയതാണ്. പൗരത്വനിയമം ഭരണഘടനാവിരുദ്ധമാണ്. ഇതിനെതിരെ പ്രതിപക്ഷനേതാവടക്കം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിവിധി വരുംവരെ കാത്തിരിക്കാനുള്ള സാവകാശം ഗവര്‍ണര്‍ കാണിക്കണമായിരുന്നു. അതിനുമുമ്ബ് എടുത്തുചാടി അഭിപ്രായം പറയരുതായിരുന്നു.

ജനങ്ങളുടെ വികാരം മനസ്സിലാക്കുന്നതിന് പകരം ഭീഷണിയുടെ ഭാഷയാണ് ഗവര്‍ണര്‍ ഉപയോഗിക്കുന്നത്. പദവിക്ക് ചേരാത്ത പ്രസംഗം തുടര്‍ന്നാല്‍ ഗവര്‍ണറെ ബഹിഷ്‌കരിക്കേണ്ടിവരും. ചരിത്ര കോണ്‍ഗ്രസ് ചടങ്ങില്‍ സദസ്സിന് ചേര്‍ന്ന നിലയിലല്ല അദ്ദേഹം പെരുമാറിയത്. അദ്ദേഹത്തെ ഇങ്ങോട്ട് അയച്ചവര്‍ പറഞ്ഞ ജോലിയാകാം ചെയ്യുന്നത്. എന്നാല്‍ അത് ഗവര്‍ണര്‍പദവിക്ക് ചേര്‍ന്നതല്ല. പാര്‍ലമ​െന്‍റി​​െന്‍റ പരിധിയില്‍വരാത്ത കാര്യമാണ് ഭേദഗതി നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഈ ഭേദഗതി കോടതി തള്ളിക്കളയുമെന്നാണ്​ വിശ്വാസം.

ജമാഅത്തെ ഇസ്​ലാമിയുടെ വോട്ട് വാങ്ങാത്ത രാഷ്​ട്രീയക്കാര്‍ സംസ്ഥാനത്തില്ല. തങ്ങളെ അനുകൂലിക്കുമ്ബോള്‍ മതേതരപാര്‍ട്ടിയും എതിര്‍ക്കുമ്ബോള്‍ വര്‍ഗീയപാര്‍ട്ടിയുമാക്കുന്ന രീതിയാണ് സി.പി.എം തുടരുന്നത്. കേന്ദ്രത്തില്‍ മോദി ചെയ്യുന്ന അതേ അക്രമം ഇവിടെ പിണറായിയും ചെയ്യുന്നു. മമതയുടേതുപോലെ ശക്തമായ നിലപാട് പിണറായി സ്വീകരിക്കാത്തതില്‍ സംശയമു​െണ്ടന്നും മുരളീധരന്‍ പറഞ്ഞു.